പയ്യടിമീത്തല്‍ ഗവ. എല്‍.പി സ്കൂളിന് വേണ്ടി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പദ്ധതി വിഹിതത്തില്‍ നിന്നും അനുവദിച്ച 19 ലക്ഷം രൂപ ചെലവിലാണ് സ്കൂളിന് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ പ്രൈമറി വിദ്യാലയമാണ് പയ്യടിമീത്തൽ സ്കൂൾ. ആരംഭിച്ച് 95 വർഷം പൂർത്തിയായ ഈ സ്കൂൾ 80 വർഷക്കാലം വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്. എ പുരുഷോത്തമൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ പദ്ധതിയിൽ ഉൾപ്പെടുത്തി 40 സെന്റ് സ്ഥലം വിലക്കെടുക്കുകയും കെട്ടിടം നിർമ്മിച്ച് സ്കൂൾ പുതിയ സ്ഥലത്തേക്ക് മാറ്റുകയുമായിരുന്നു.
എസ്.എസ്.കെ ഫണ്ടിൽ നിന്നും അനുവദിച്ച 28 ലക്ഷം രൂപ ചെലവിൽ 4 ക്ലാസ് റൂമുകളും എം.ജി.എൻ.ആർ.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി 12 ലക്ഷം രൂപ ചെലവിൽ കിച്ചൻ, ഡൈനിംഗ് ഹാൾ എന്നിവയും നിർമ്മിക്കുന്ന പ്രവൃത്തി പുരോഗമിച്ചു വരികയാണ്. ഗ്രാമപഞ്ചായത്ത് അനുവദിച്ച 3 ലക്ഷം രൂപ ചെലവിൽ വാഷ് ടബ് സൗകര്യമൊരുക്കൽ പ്രവൃത്തിയും നടന്നു വരികയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എൽ.എ ശിലാഫലക അനാഛാദനം നിർവഹിച്ചു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ അജിത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കഴിയിൽ, ബ്ലോക്ക് മെമ്പർ രാജീവ് പെരുമൺപുറ, ശോഭനകുമാരി, ടി നിസാർ, പി ഗീത, വി.ടി ഷീബ, എ പുരുഷോത്തമൻ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ ശോഭന റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ ലിജീഷ് സ്വാഗതവും എസ്.ആർ.ജി കൺവീനർ കെ.എൻ ജസീറ നന്ദിയും പറഞ്ഞു.