തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരള ഹൈക്കോടതി തന്നെ പിഎസ്‌സിയെ കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തി സമഗ്രമായ അന്വേഷണം ഇതേക്കുറിച്ച് നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിഎസ്‌സിയുടെ വിശ്വാസ്യത ഉയര്‍ത്തി പിടിക്കുന്നതിനായി ഒരു അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. കോടതി തന്നെ ഏറ്റവും സമര്‍ത്ഥനായ ജുഡീഷ്യല്‍ ഓഫീസറെ കൊണ്ട് അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
സമീപകാലത്ത് നടത്തിയ എല്ലാ പിഎസ്‍സി നിയമനങ്ങളും അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നിർദേശമുണ്ടായിരുന്നു. പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസിൽ നാലാം പ്രതിയായ സഫീർ നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിർദേശം.
സമീപകാലത്തുണ്ടായ സംഭവങ്ങൾ പിഎസ്‍സി എന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത തകർക്കുന്നതാണെന്നും, ഇങ്ങനെ മാത്രമേ നഷ്ടമായ വിശ്വാസ്യത തിരിച്ചു പിടിക്കാനാകുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.