തിരുവനന്തപുരം: സുഭിക്ഷ കേരളം സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പ്രാദേശിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും കർഷകവരുമാനം വർദ്ധിപ്പിക്കുന്നതിനുമായി ഏഴ് പ്രാദേശിക പ്രാധാന്യമുള്ള പദ്ധതികൾക്ക് ആർ.കെ.വി.വൈ പദ്ധതി പ്രകാരം ഭരണാനുമതി ലഭിച്ചതായി കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. 20 കോടിയുടെ പ്രാദേശിക പദ്ധതികൾക്കാണ് അനുമതി ലഭിച്ചത്.
തൃശൂർ ഒല്ലൂക്കര ബ്ലോക്കിലെ മാടക്കത്തറ പഞ്ചായത്തിൽ നെൽകൃഷിയിലെ ജലസേചന സൗകര്യം മെച്ചപ്പെടുത്തുതിനുള്ള 7.5കോടിയുടെ പദ്ധതിയാണ് ആദ്യത്തേത്. ഒല്ലൂർ എം.എൽ.എ കെ.രാജന്റെ നിർദ്ദേശ പ്രകാരമാണ് പദ്ധതി പ്രസ്തുത പാടശേഖരങ്ങൾക്ക് ലഭ്യമായത്. പാടശേഖരണങ്ങൾക്കു വേണ്ട മോേട്ടാർ പമ്പുകൾ, മോട്ടോർഷെഡിന്റെ പൂർത്തീകരണം, പി.വി.സി പൈപ്പ് ലൈനുകളുടെ സ്ഥാപനം എന്നിവയ്ക്കായിരിക്കും തുക വിനിയോഗിക്കുക.
ജലസേചന വകുപ്പു മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശുപാർശ പ്രകാരം ചിറ്റൂർ ബ്ലോക്കിലെ യന്ത്രവൽകൃതകൃഷിരീതികൾക്കായി 1.78കോടി രൂപ അനുവദിച്ചു. കൃഷിഭൂമിയുടെ തയ്യാറാക്കലിന് എസ്‌കവേറ്ററുകൾ അഗ്രോ സർവ്വീസ് സെന്ററുകളിലൂടെ ലഭ്യമാക്കുന്നതാണ് ഈ പദ്ധതി.
കൂൺ കൃഷി ചെയ്യുന്നതിനായി സുഭിക്ഷ കേരള പദ്ധതി പ്രകാരം നിരവധി ചെറുപ്പക്കാർ മുന്നോട്ടു വന്നതിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ്ഹോർട്ടികൾച്ചർമിഷന് കൂൺ കൃഷി യൂണിറ്റുകളുടെ സഹായത്തിനായി 56 ലക്ഷം രൂപ പദ്ധതി പ്രകാരം അനുവദിച്ചു. ഭൗമസൂചികാ പദവി ലഭിച്ചിട്ടള്ള ഇടുക്കിയിലെ മറയൂർ ശർക്കര നിർമ്മാണ യൂണിറ്റുകൾക്ക് പദ്ധതി പ്രകാരം 27 ലക്ഷംരൂപ അനുവദിച്ചു. കാന്തള്ളൂർ പ്രദേശത്തെ കർഷകസംഘങ്ങളുടെ ആവശ്യപ്രകാരമാണ് തുക അനുവദിച്ചത്.സ്റ്റേറ്റ്ഹോർട്ടികൾച്ചർ മിഷൻ മുഖേന 12 യൂണിറ്റുകൾക്കായിരിക്കും ഈ ധനസഹായം ലഭിക്കുക.
കശുമാവിന്റെ അതിസാന്ദ്രതാകൃഷിയ്ക്കും (1000ഹെക്ടർ) സാധാരണകൃഷിയ്ക്കും (2000 ഹെക്ടർ) കശുമാവ് വികസന കോർപ്പറേഷൻ മുഖേന 4.80 കോടി രൂപ് ധനസഹായം നൽകും. ഇതുകൂടാതെ മൂല്യവർദ്ധിത ഉത്പന്ന നിർമ്മാണത്തിനായി 2.46 കോടിരൂപ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. കശുമാങ്ങയിൽ നിന്നും ആപ്പിൾജ്യൂസ്, സാന്ദ്രീകൃതശീതളപാനീയം (കാർബണേറ്റഡ് ഡ്രിങ്ക്) എന്നിവ നിർമ്മിക്കുന്നതിന് കാസർകോട് ജില്ലയിലെ കർഷകർക്ക് ധനസഹായം നൽകുന്നതാണ് പ്രസ്തുത പദ്ധതി. പ്ലാന്റേഷൻ കോർപ്പറേഷൻ മുഖേനയാണ് ധനസഹായം നൽകുക. പ്ലാന്റേഷൻ കോർപ്പറേഷനു തന്നെ 2.2 കോടിയുടെ പാഷൻ ഫ്രൂട്ടിന്റെ ഒരു പദ്ധതി കൂടി അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, കാസർകോട് ജില്ലകളിൽ പാഷൻഫ്രൂട്ട കൃഷിവ്യാപനത്തിനാണ് (50 ഹെക്ടർ) പദ്ധതി. പാഷൻഫ്രൂട്ടിന്റെ മൂല്യവർദ്ധിത യൂണിറ്റുകളുടെ നിർമ്മാണത്തിനും പദ്ധതിയിൽ തുകവകയിരുത്തിയിട്ടുണ്ട്.