കോഴിക്കോട് : അന്തർ ജില്ലാ സർവീസുകൾ ആരംഭിച്ചു. മുഴുവൻ സീറ്റിലും ആളുകൾക്ക് ഇരുന്നു യാത്ര ചെയ്യാം. മാസ്ക് നിർബന്ധമായി ഉപയോഗിക്കണം. കോഴിക്കോട് കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഇതിനോടകം ഇരുപത്തിയഞ്ചു സർവീസുകൾ നടത്തി. മലപ്പുറം ,കണ്ണൂർ,വയനാട് ജില്ലകളിലേക്കാണ് നിലവിൽ കോഴിക്കോട് നിന്നും ബസ് സേവനം ആരംഭിച്ചിരിക്കുന്നത്. രാവിലെ കുറഞ്ഞ ആളുകൾ മാത്രമായിരുന്നു സേവനം തേടിയെത്തിയത് എന്നാൽ നിലവിൽ ആളുകൾ കൂടി വരുന്നുണ്ട്. ജില്ലകളിലെ റെഡ്‌സോണുകളിലേക്ക് ബസ്സ് സർവീസ് ഉണ്ടായിരിക്കുന്നതല്ല
അതേ സമയം തൃശ്ശൂരിലേക്കുള്ള യാത്രക്കാർ ബസ് കയറാൻ എത്തിയെങ്കിലും അവർക്കുള്ള സർവീസ് നിലവിൽ ഇല്ലാത്തതിനാൽ മലപ്പുറത്തിറങ്ങി മാറി കയറുകയാണ്. ബസ്സ് ജീവനക്കാർക്കും യാത്ര ചെയ്യുന്ന ആളുകൾക്കും സുരക്ഷാ സംബന്ധമായി സാനിറ്റൈസർ തുടങ്ങിയ മുൻ കരുതൽ സർക്കാർ എടുക്കാത്തതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് ജില്ലാ യാത്രകൾ അനുവാദം നൽകിയത്. നേരത്തെ പുതുക്കിയ ടിക്കറ്റ് നിരക്ക് സർക്കാർ പിൻവലിച്ചിരുന്നു.