രാജ്യത്ത് പലയിടത്തും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിദ്വേഷങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കുന്ദമംഗലത്ത് മസ്ജിദുല്‍ ഇഹ്സാന്‍ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗഹൃദ സംഗമവും ഈദ് ഗാഹും ശ്രദ്ധേയമായി. സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റേയും അന്തരീക്ഷം വളര്‍ത്തുന്നതിന് ഇതുപോലുള്ള സൗഹൃദ സംഗമങ്ങള്‍ നാടിന് ആവശ്യമാണെന്ന് സംഗമം അഭിപ്രായപ്പെട്ടു.
വര്‍ഗ്ഗങ്ങള്‍ തമ്മിലെ സംഘട്ടനമല്ല സഹകരണമാണ് ഇസ്ലാം ഉദ്‌ഘോഷിക്കുന്നതെന്ന് ഹമദ് അബ്ദുറഹ്‌മാന്‍ അഭിപ്രായപ്പെട്ടു. മസ്ജിദുല്‍ ഇഹ്സാന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ഈദ് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഉദ്യാനങ്ങളിലെ പുഷ്പങ്ങളും പ്രപഞ്ചത്തിലെ ഗോളങ്ങളും പരസ്പരം മത്സരിക്കുകയോ കലഹിക്കുകയോ ചെയ്യുന്നില്ലെന്നും പരസ്പരം സഹകരണത്തിന്റെ പാതയാണ് മനുഷ്യരും പിന്തുടരേണ്ടതെന്നും ഈദ് സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ വ്യത്യസ്ത തലത്തില്‍ നിന്നുള്ള നിരവധി ആളുകള്‍ പങ്കെടുത്ത സൗഹൃദ സംഗമത്തില്‍ ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ദേശീയ സെക്രട്ടറി എ. റഹ്‌മത്തുന്നിസ ഈദ് സന്ദേശം നല്‍കി.

മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം. സിബ്ഗത്തുള്ള അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി മുഖ്യ പ്രഭാഷണം നടത്തി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുല്‍ക്കുന്നുമ്മല്‍, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി. രാമന്‍, എം.കെ. മോഹന്‍ദാസ്, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി, കെ.പി. വസന്തരാജ്, രവീന്ദ്രന്‍ കുന്ദമംഗലം, അഡ്വ. പി. ചാത്തുക്കുട്ടി, നിമ്മി റൊസാരിയോ, സുധീഷ് കെ.പിലാശ്ശേരി, നിക്ഷ, ജെ.പി. ഗോപാലകൃഷ്ണന്‍, ശശിധരന്‍ മാസ്റ്റര്‍, എം.കെ. സുബൈര്‍, ഇ.പി. ലിയഖത്ത് അലി, സി. അബ്ദുറഹ്‌മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹല്ല് സെക്രട്ടറി പി.എം. ശരീഫുദ്ധീന്‍ സ്വാഗതവും എ.കെ. യൂസഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.