കൊല്ലം : ഓയൂരില്‍ ആറ് വയസുളള പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മാമ്പള്ളികുന്നം കവിതരാജില്‍ കെ ആര് പത്മകുമാര്‍ ( 52) , ഭാര്യ എം ആര് അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയില്‍ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്.
വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാന്‍ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പദ്മകുമാര്‍ ലോണ്‍ ആപ്പില്‍ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാര്‍ഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാന്‍ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.
ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു സഹോദരന്റെ കൈയില്‍ പദ്മകുമാറും സംഘവും ഭീഷണി കത്ത് നല്‍കിയിരുന്നു. പണം നല്കിയാല് കുട്ടിയെ വിട്ടുനല്‍കുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാല്‍ സഹോദരന് കുറിപ്പ് വാങ്ങിയില്ല. കുറിപ്പ് കാറിനുള്ളില്‍ തന്നെ വീണു. ഇവിടെ മുതലാണ് പദ്മകുമാറിന്റെ പ്ലാനുകള്‍ പാളിത്തുടങ്ങിയത്. കുട്ടിയെ താമസിപ്പിക്കുന്ന ഇടത്തിലെത്തി ടിവി വെച്ചപ്പോഴേക്കും നാട് മുഴുവന്‍ സംഭവമുറിഞ്ഞെന്നും ഇനി രക്ഷയില്ലെന്നും വ്യക്തമായി. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.