കഴിഞ്ഞ ദിവസമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയെ തേടി തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്മെന്റ് എല്‍.പി സ്കൂളിലെ കത്ത് എത്തിയത്. “പ്രിയപ്പെട്ട ശിവൻകുട്ടി അപ്പൂപ്പന്; സുഖമാണോ മന്ത്രി അപ്പൂപ്പാ?” എന്നു തുടങ്ങുന്ന കത്ത് അയച്ചിരിക്കുന്നത് മുള്ളറംകോട് ഗവൺമെന്റ് എൽ പി എസിലെ 85 രണ്ടാം ക്ലാസ്സുകാർ ചേർന്നാണ്. എല്ലാവർക്കും വേണ്ടി മീനാക്ഷി എന്ന വിദ്യാർത്ഥിയാണ് കത്തെഴുതിയത്.
“അപ്പൂപ്പാ കുട്ടിപ്പുര എന്ന പാഠം ഞങ്ങൾ പഠിച്ചു. അതിൽ സാവിത്രിക്കുട്ടിയുടെ വീടിന്റെ പാലുകാച്ചിന് ഒരു ക്ഷണക്കത്ത് തയ്യാറാക്കി. അപ്പോൾ ഞങ്ങൾക്ക് ഒരു ആഗ്രഹം. ഞങ്ങളുടെ സ്കൂളിൽ ഓണസദ്യ ഒരുക്കുന്നുണ്ട്. സെപ്റ്റംബർ രണ്ടാം തീയതി ആയിരിക്കും ഓണസദ്യ എന്നാണ് ടീച്ചർ പറഞ്ഞത്. ഞങ്ങളോടൊപ്പം ഇരുന്ന് ഓണസദ്യ കഴിക്കാൻ മന്ത്രി അപ്പൂപ്പൻ വരുമോ? ഞങ്ങളുടെ ക്ഷണം സ്വീകരിച്ചു മന്ത്രി അപ്പൂപ്പൻ ഓണസദ്യ കഴിക്കാൻ വരുമെന്ന് വിശ്വസിക്കുന്നു. എന്ന് രണ്ടാം ക്ലാസിലെ 85 കൂട്ടുകാർ” എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം.ഇപ്പോൾ കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സ്കൂളിലെത്തിയിരിക്കുകയാണ്. സ്കൂളിലെത്തിയ മന്ത്രിയുടെ അടുത്തേക്ക് കുട്ടികൾ ഓടിയെത്തി. വിദ്യാർത്ഥികൾക്കായി കത്തെഴുതിയ മീനാക്ഷി മന്ത്രിയോട് ചേര്‍ന്നുനിന്നു. മന്ത്രിക്ക് സമ്മാനങ്ങള്‍ നല്‍കാനും കുട്ടികള്‍ മറന്നില്ല. സ്കൂളിലെ ഒരു വിദ്യാർത്ഥി വരച്ച മന്ത്രിയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു, മധുരം നൽകി. പിന്നീട് വിഭവസമ്യദ്ധമായ ഓണസദ്യ മന്ത്രി കുട്ടികളോടൊപ്പം ഇരുന്ന് കഴിച്ചു. ഒടുവിൽ തങ്ങള്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടം വേണമെന്ന ആവശ്യവും കുട്ടികൾ മന്ത്രിയെ അറിയിച്ചു. ആവശ്യം പരിഗണിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി.