കോഴിക്കോട് : ഇന്ന് കുന്ദമംഗലം മുറിയനാലില്‍ അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തില്‍ കുന്ദമംഗലത്തെ സാമൂഹ്യ പ്രവര്ത്തകന് നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി. നാഷനല്‍ ഹൈവേയില്‍ ചൂലാം വയലിനും പതിമംഗലത്തിനും ഇടയില്‍ കയറ്റത്തിന് മുകളില്‍ നിരന്തരമായി വാഹന അപകടങ്ങള്‍ സംഭവിക്കുന്നു എന്നും പലപ്പോഴും ഇത് മരണത്തിന് കാരണമാവുന്നു എന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭാഗം റോഡ് നവീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ ഒരു വിഭാഗം നാട്ടുകാരും വ്യാപാരികളും എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കാരണം നവീകരണ പ്രവൃത്തിയുടെ രൂപരേഖ ജനങ്ങളെ ബോധ്യപ്പെടുത്തി അവര്‍ക്കുള്ള ആശങ്ക ദുരീകരിക്കാന്‍ അധികാരികള്‍ ശ്രമിക്കാത്തതിനാലാണ്. സമീപത്ത് സ്കൂളും മദ്രസകളും ഉണ്ട് കൂടാതെ ജപ്പാന് കുടിവെള്ള പദ്ധതിയുടെ വാല്‍വുകള്‍ ഈ ഭാഗത്ത് റോഡിനടിയില്‍ ആയതിനാല്‍ സ്ഥിരമായി ഗട്ടറുകള്‍ രൂപപ്പെടുന്നു. ഇതെല്ലാം ജനങ്ങളുടെ ജീവന് ഭീഷണിയാണെന്നും അതിനാല്‍ എത്രയും പെട്ടന്ന് പരിഹാരമുണ്ടാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു

