“സൂര്യനായി തഴുകിയുറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം … ഞാനൊന്ന് കരയുമ്പോൾ അറിയാതെ ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം” … സത്യം ശിവം സുന്ദരമെന്ന ചിത്രത്തിലെ ഈ മനോഹര ഗാനം ഫ്ലവേഴ്സ് ടോപ് സിംഗറിൽ ആലപിച്ച് മലയാളികളെ കണ്ണീരലിയിപ്പിച്ച ” മെലഡി രാജ ” എന്ന വിളിപ്പേരുള്ള റിതു രാജ് കുന്ദമംഗലത്തിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായി മാറുകയാണ്.
സംഗീത ലോകത്തെ കൊച്ചു മിടുക്കനെ കാണാൻ കുന്ദമംഗലം ന്യൂസ്സ് ഡോട് കോം ചെറുകുളത്തൂരുള്ള താരത്തിന്റെ വീട്ടിലെത്തി. ഓടിച്ചു കൊണ്ടിരുന്ന കുട്ടി സൈക്കിൾ നിർത്തിയിട്ട് ലോകമെമ്പാടുമുള്ള മലയാളികളുടെ ഇഷ്ടതാരം പതിവ് ശൈലിയിലുള്ള നിഷ്കളങ്കമായ ചിരിയോടെ ഞങ്ങളെ വരവേറ്റു. പിന്നെ കളിച്ചും ചിരിച്ചും പാട്ട് പാടിയും റിതുവിനും കുടുംബത്തോടും ഒപ്പം അൽപ്പ നേരം. പിന്നെ റിച്ചു കുട്ടന്റെ വിശേഷങ്ങൾ പിതാവ് ജീവരാജി ലൂടെ തൊട്ടറിഞ്ഞു.
ജനിച്ച് ആറ് മാസമാകുമ്പോയേക്കും കേൾക്കുന്ന പാട്ടുകളുടെയെല്ലാം വരികളുടെ താളം കേട്ട് പാടാൻ ശ്രമിക്കുന്ന റിതുവിനെ കുറിച്ച് അച്ഛൻ പറഞ്ഞു തുടങ്ങി. അവന്റെ ഓരോ വളർച്ചയിലും പാട്ട് കേൾക്കാനും പാടാനും കൊതിക്കുന്ന അച്ഛനും അച്ഛമ്മ സൗദാമിനിയും അമ്മ നിജിയും ഉൾപ്പെടുന്ന ആ കുടുംബം അവനെ ഒപ്പമുണ്ടായിരുന്നു. അവനങ്ങനെ ഒരു കുഞ്ഞ് ഗായകനായി വളർന്നു. ഒരാളുടെ കീഴിലും സംഗീതം പഠിച്ചിട്ടില്ലായെന്ന വസ്തുത റിതുവിന്റെ പാട്ട് കേൾക്കുന്നവരെ അത്ഭുതപെടുത്തിയേക്കാം. എന്നാൽ അതാണ് യാഥാർത്ഥ്യം.
റിതുവിന്റെ കഴിവ് കണ്ട് വീട്ടുകാർ ഒരു സംഗീത അധ്യാപികയെ കണ്ടെത്തി പഠിപ്പിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ഫ്ലവേഴ്സ് ടിവിയിലെ തന്നെ ഉപ്പും മുളകും എന്ന പരിപാടി കണ്ട് കൊണ്ടിരിക്കെ ടി വി സ്ക്രീനു താഴെ തെന്നി നീങ്ങുന്ന അറിയിപ്പ് സഹോദരി ലക്ഷ്മിയുടെ ശ്രദ്ധയിൽ പെടുന്നത്. ചാനൽ ടോപ് സിംഗർ എന്ന പുതിയ പരിപാടിയിലൂടെ കുട്ടി പാട്ടുക്കാരെ തേടുന്നു എന്ന അറിയിപ്പായിരുന്നു അത്. പെട്ടെന്ന് തന്നെ കൊച്ചു മിടുക്കി അനിയനെ ചാനൽ നടത്തുന്ന ഓഡീഷനിൽ പങ്കെടുപ്പിക്കാൻ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. അവരതിന് സമ്മതം മൂളി. ഒടുവിൽ ഗാനാലാപനം കൊണ്ട് ലോകം കീഴടക്കാൻ അവനു മുന്നിൽ അവസരമൊരുങ്ങി. പിന്നീടങ്ങോട്ട് ഓരോ മലയാളികളുടെയും ഹൃദയത്തിൽ ചേക്കേറുകയായിയായിരുന്നു റിതു രാജെന്ന റിച്ചു കുട്ടൻ. പാടിയതെല്ലാം ഒന്നിനു ഒന്നു മെച്ചം.
വിധികർത്താക്കളുടെ മനം കവരാൻ അവനധികം സമയം വേണ്ടി വന്നില്ല. ” പാട്ട് കൊണ്ട് ഹൃദയങ്ങൾ മോഷ്ടിക്കുന്ന ലോകത്തെ ഏറ്റവും ചെറിയ വലിയ കള്ളനാണ് റിതുവെന്ന് ആലങ്കാരികമായി വിധികർത്താവായ സംഗീത സംവിധായകനും ഗായകനുമായ റിച്ചുവിന് ഏറ്റവും ഇഷ്ടപ്പെട്ട ശ്രീ. എം ജയചന്ദ്രൻ പറഞ്ഞു. അദ്ദേഹം തന്നെയാണ് ഈ കുഞ്ഞു ഗായകന് മെലഡി രാജയെന്ന പേരും നൽകിയത്. “ഈ കുട്ടിയെങ്ങനെ പാടുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയു.” വിധികർത്താക്കളിൽ ഒരാളായ പ്രശസ്ത പിന്നണി ഗായകൻ ശ്രീ. എം ജി ശ്രീകുമാറിന്റെ വാക്കുകളാണിത്. ഇങ്ങനെ ഒരോരുത്തരുടെയും പ്രശംസകൾ ഏറ്റു വാങ്ങി അവൻ മുന്നേറുകയാണ്.
പക്ഷെ ഇപ്പോഴും അവനെവിടെ എത്തി നിൽക്കുന്നുവെന്ന കാര്യം അവനറിയില്ലെന്ന സത്യം നേർത്ത ചിരിയോടെ അച്ഛൻ ജീവരാജ് ഓർമ്മപ്പെടുത്തി. അവനിപ്പോഴും ആ പഴയെ കുട്ടി തന്നെ അവന്റെ അമ്മ നിജയുടെ കുസൃതി കുട്ടൻ. മകന്റെ പാട്ട് കേട്ട് ഇന്ന് ലോകത്ത് ഏറ്റവുമധികം സന്തോഷിക്കുന്നതും ഈ അമ്മ തന്നെയായിരിക്കും ഇങ്ങനെയൊരു പുത്രന് ജന്മം നൽകാൻ കഴിഞ്ഞതോർത്ത്.
പതിനെട്ട് വർഷമായി ചിക്കാഗോയിൽ സ്ഥിര താമസമാക്കിയ വിദേശ മലയാളി ട്രീസ്സ നാട്ടിലെത്തിയത് തന്റെ മകനെ കാണാൻ വേണ്ടിയാണെന്നുള്ള വാർത്തയും, ശ്വാസ തടസ്സ സംബന്ധമായ അസുഖത്തിന് വിധേയായ ആശാ ശരത്തെന്ന പ്രേക്ഷക തന്റെ അസുഖത്തിൽ നിന്നും മോചനം നേടാനായി ആശ്വാസത്തിനായി കേൾക്കുന്ന ഗാനങ്ങൾ റിതുവിന്റേതാണെന്ന് ഫോണിലൂടെ വിളിച്ചറിയിക്കുമ്പോളും ഈ അമ്മയ്ക്കും കുടുംബത്തിനും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്.
റിതുവിന്റെ പാട്ടത്രയും മനോഹരമാക്കി തീർത്തത് പരിപാടിയുടെ ഗ്രൂമേഴ്സും വിധികർത്താക്കളുമാണെന്നും മാതാപിതാക്കൾ ആവർത്തിച്ച് പറഞ്ഞു. അവർ നൽകുന്ന അറിവും ധൈര്യവുമാണ് അനായാസമായി ഈ ചെറുപ്രായത്തിൽ ഇങ്ങനെ ആ വേദിയിൽ നിന്നും പാടാൻ സാധിക്കുന്നത്. തുടക്കത്തിൽ ഏറെ കൗതുകത്തോടെ നോക്കി കണ്ട അവിടത്തെ ഫ്ലോറും പരിസരവും സുപരിചിതമാക്കി മാറ്റിയതും അവരാണെന്ന് ജീവരാജ് പറഞ്ഞു. പിന്നീടദ്ദേഹം തന്റെ ആഗ്രഹവും പങ്കുവെച്ചു ഗായകനിലുപരി മകനെ ഒരു മ്യുസീഷൻ ആക്കി മാറ്റാനാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഈ വാക്കുകൾ കേട്ടതും മടിയിലിരുന്ന റിതു തനിക്ക് ഗ്രൂമേഴ്സിനെ പോലെ ആവാനാണ് ആഗ്രഹം എന്ന് പറഞ്ഞത് ഞങ്ങളിൽ ചിരി പടർത്തി. ശേഷം അലപ നേരം കുന്ദമംഗലം. എ യു.പി സ്കൂളിലെ വിശേഷങ്ങളും കുഞ്ഞു ഗായകൻ പങ്കുവെച്ചു. ഇതോടൊപ്പം റിതുവിന്റെ സഭാകമ്പം മാറ്റിയെടുക്കാൻ സഹായമായത് എൽ കെ ജി പഠന കാലത്ത് ക്രസന്റ് സ്കൂളിലെ പ്രധാന അധ്യാപിക ഗീത ടീച്ചറും അവിടെത്തെ ചുറ്റുപാടുകളുമാണെന്ന് അമ്മ നിജി പറഞ്ഞു.
അല്പ സമയത്തെ സംസാരത്തിനൊടുവിൽ ഫ്ലവേഴ്സിനോടും, വിധികർത്താക്കളോടും, തങ്ങളുടെ മകനെ നെഞ്ചേറ്റിയ മുഴുവൻ പ്രേക്ഷകരോടും നാട്ടുകാരോടും നന്ദി അറിയിച്ചു. ഒടുവിൽ ആരും കേൾക്കാൻ ആഗ്രഹിക്കുന്ന
മെലഡി രാജ … ഒരു ഗാനവും പാടി ഞങ്ങളെ യാത്രയാക്കി, ശേഷം അവൻ വീണ്ടും നിർത്തിയിട്ട സൈക്കിളിൽ കയറിയിരുന്നു. അപ്പോഴും ആ മുഖത്ത് നിഷ്കളങ്കമായ ചിരി പടർന്ന് നിന്നു.
ഗാനലോകത്തെ ഈ കുഞ്ഞ് രാജകുമാരൻ ചരിത്രത്തിൽ ഇടം നേടി കഴിഞ്ഞു. ഈ നാടിന്റെ അഭിമാനം കൂടിയാണ് നീ ഉയർത്തി കെട്ടിയത്. സന്തോഷിക്കാം റിതുവിനെയോർത്ത് . കുന്ദമംഗലം ന്യൂസ്സ് ഡോട് കോമിന്റെ ഒരായിരം വിജയാശംസകൾ
കടപ്പാട് : ഫ്ലവേഴ്സ് ടി വി