കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 52.20 കോടി രൂപയുടെ ഭരണാനുമതി
ലഭ്യമാക്കിയ മാവൂര്‍ എന്‍.ഐ.ടി കൊടുവള്ളി റോഡിന്റെ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് നടപടികളായി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ഹാളില്‍ കുന്ദമംഗലം, കൊടുവള്ളി എം.എല്‍.എമാരുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
മാവൂര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിലും കൊടുവള്ളി നഗരസഭയിലും ഉള്‍പ്പെട്ട പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന ഈ റോഡിന് 13 കി.മീ നീളമാണുള്ളത്. 10 മീറ്റർ വീതിയിലാണ്
റോഡിന്റെ പ്രവൃത്തി നടത്തുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളുടേയും ഉദ്യോഗസ്ഥരുടേയും സാന്നിദ്ധ്യത്തില്‍ വീതികുറഞ്ഞ ഭാഗങ്ങളില്‍ സ്ഥലം
ലഭ്യമാക്കുന്നതിന് തിങ്കളാഴ്ച മുതല്‍ സംയുക്ത പരിശോധന നടത്തും. സ്ഥല ലഭ്യത സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ യോഗ തീരുമാനം ജൂലൈ 10 ന് മുമ്പായി ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ജനപ്രതിനിധികളെ ചുമതലപ്പെടുത്തി.
കളന്തോട് കൂളിമാട് റോഡില്‍ പ്രവൃത്തി നടത്തുന്നതിന് തടസമായി കിടക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജൂലൈ 7 ന് മരങ്ങളുടെ ലേലം നടത്തും. ഈ റോഡിലെ
കുടിവെള്ള പൈപ്പ് ലൈനുകള്‍ മാറ്റുന്നതിന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ജൂലൈ 4 ന് സംയുക്ത പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കും.
ആര്.ഇ.സി മലയമ്മ കൂടത്തായി റോഡിന്റെ ചാത്തമംഗലം ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട ഭാഗത്ത് സ്ഥല ലഭ്യത സംബന്ധിച്ച സംയുക്ത പരിശോധന ജൂലൈ 9 ന് നടത്തുന്നതിനും തീരുമാനമായി.
കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ റഹീം എ.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, വൈസ് പ്രസിഡന്റ് പി. ശിവദാസന്‍ നായര്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കെ.എസ്. ബീന, മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത്, ടി.എ രമേശന്, തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങള്‍, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു

