ചിറ്റൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കബളിപ്പിച്ച് വിവാഹം കഴിച്ച അധ്യാപകൻ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ഗംഗാവരം മണ്ഡല് മേഖലയിൽ ചലപതി (33) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു. 12-ാം ക്ലാസ് വിദ്യാർഥിനിയായ പതിനേഴുകാരിയെയാണ് വിവാഹം കഴിച്ചത്.
ബുധനാഴ്ച അവസാന പരീക്ഷ കഴിഞ്ഞിറങ്ങിയ പെൺകുട്ടിയെ കള്ളം പറഞ്ഞ് തിരുപ്പതിയിലേക്ക് കൊണ്ടുപോയി. താൻ സത്യസന്ധനാണെന്നും വിശ്വസിക്കണമെന്നും പ്രതി പെൺകുട്ടിയോട് പറഞ്ഞു. തിരുപ്പതിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായി. തുടർന്ന് ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പെൺകുട്ടി സംഭവം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി മാതാപിതാക്കളോടൊപ്പം വ്യാഴാഴ്ച രാത്രി ഗംഗാവരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. പ്രതി വിവാഹിതനും ഒരു മകളുണ്ടെന്നും പൊലീസ് പറഞ്ഞു.