കൊല്ലം: എസ്എഫ്ഐ സംഘടിപ്പിച്ച കോളജ് യൂണിയൻ പരിപാടിയുടെ വേദിയിൽ ബിജെപി ജില്ലാ പ്രസിഡന്റ് എത്തിയത് വിവാദത്തിൽ. സിപിഎം – ബിജെപി രഹസ്യ ധാരണയാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. എന്നാൽ കോളജ് മാനേജ്മെന്റ് സംഘടിപ്പിച്ച മെറിറ്റ് ഡേ പരിപാടിയിലാണ് ബിജെപി ജില്ലാ പ്രസിഡന്റ് പങ്കെടുത്തതെന്നും കോളജ് യൂണിയൻ സംഘടിപ്പിച്ചത് കോളജ് ഡേ ആണെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം വ്യക്തമാക്കി.
കൊല്ലം ചാത്തന്നൂർ എസ് എൻ കോളജിൽ കഴിഞ്ഞ ദിവസം രണ്ട് പരിപാടികൾ നടന്നിരുന്നു. ഒന്ന് കോളജ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന മെറിറ്റ് ഡേ. രണ്ട് കോളജ് യൂണിയൻ നേതൃത്വം നൽകുന്ന കോളജ് ഡേ. രാവിലെ നടന്ന മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തത് മാനേജ്മെന്റ് പ്രതിനിധി കൂടിയായ എസ്എൻഡിപി യോഗം ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ബിബി ഗോപകുമാർ ആയിരുന്നു.
ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ ഗോപകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് വിവാദത്തിന് തുടക്കം കൂറിച്ചത്. എസ്എഫ്ഐക്കെതിരെ രംഗത്തെത്തിയ യൂത്ത് കോൺഗ്രസ്, സിപിഎം നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ആരോപണങ്ങൾ എസ്എഫ്ഐ ജില്ലാ നേതൃത്വം പാടെ നിഷേധിച്ചു. വ്യാജ പ്രചാരണം നടത്തിയവർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ചാത്തന്നുർ പോലീസിൽ എസ്എഫ്ഐ പരാതി നൽകിയിട്ടുണ്ട്.

