ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ രാഷ്ട്രീയം അവസാനിപ്പിക്കുന്നു. തന്നെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചുമതലകളില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയോട് ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു.
ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ഭാഗമായി തന്നെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കി തരണമെന്നാണ് ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടത്. ഇതോടെ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗൗതം ഗംഭീര്‍ മത്സരിച്ചേക്കില്ല.
‘വരാനിരിക്കുന്ന ക്രിക്കറ്റുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങള്‍ ഏറ്റിട്ടുണ്ട്. ഇതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ എന്റെ രാഷ്ട്രീയ ചുമതലകളില്‍ നിന്ന് എന്നെ ഒഴിവാക്കണം. ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രമന്ത്രി അമിത് ഷായോടും ആത്മാര്‍ഥമായി നന്ദി പറയുന്നു’- ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു.