
കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരന്‍.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും അത് അംഗീകരിച്ചാല്‍ മതിയെന്നും ജി. സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് നമ്മള്‍ അംഗീകരിച്ചാല്‍ മതി. റെയ്ഡ് സാധാരണമായി നടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. എന്റെ വകുപ്പില്‍ എത്രയോ പരിശോധനകള്‍ നടന്നിട്ടുണ്ട്. ഞാന്‍ ഒന്നും മിണ്ടിയില്ലല്ലോ. അത് നടന്നോട്ടെ. ഇത് നമ്മളെ ബാധിക്കുന്ന വിഷയമല്ല.
കേന്ദ്രഏജന്‍സികള്‍ വട്ടമിട്ടുപറന്നതുകൊണ്ട് ഇവിടുത്തെ വിജിലന്‍സിനെ പിരിച്ചുവിടണോ. ഇത് കേട്ടാല്‍ തോന്നുമല്ലോ വിജിലന്‍സ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന്. അത് കൊള്ളാമല്ലോ. വിജിലന്‍സ് നന്നായി പ്രവര്‍ത്തിക്കട്ടെ. അവര്‍ അന്വേഷിക്കട്ടെ’ ജി.സുധാകരന്‍ പറഞ്ഞു.പ്രതിപക്ഷത്തിന്റെ കയ്യില്‍ ഒരു മാങ്ങാത്തൊലിയുമില്ലെന്നും ഒടിഞ്ഞവില്ലാണ് അവരുടെ കയ്യിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.
‘ചില വിജിലന്‍സ് എന്‍ക്വയറി ഞാന്‍ ചോദിച്ചുവാങ്ങിയിട്ടുണ്ട്. 300ലേറെ ഫയല്‍ അവര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ചില കാര്യങ്ങളെല്ലാം അവര്‍ അന്വേഷിച്ചാലേ ശരിയാവുകയുള്ളൂ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം ഒന്നുമില്ല’, സുധാകരന്‍ പറഞ്ഞു.
ദുഷ്ടലാക്കോടെയാണ് റെയ്ഡ് എന്നൊന്നും പറയാന്‍ പറ്റില്ലെന്നും ചില ഏജന്‍സികളോട് പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് നമുക്ക് പറയാന്‍ ആവുമോയെന്നും സുധാകരന്‍ ചോദിച്ചു.

