‘അന്ന് നിങ്ങൾ ചാഡ്‌വിക്കിനെ ക്രാക്ക് പാന്തറെന്ന് കളിയാക്കിയില്ലേ ?’ ബോഡി ഷെയിമിംഗ് തുറന്നുകാട്ടി ഫേസ്ബുക്ക് കുറിപ്പ്

0
48

‘അന്ന് നിങ്ങൾ ചാഡ്‌വിക്കിനെ മെലിഞ്ഞിരുന്നതിന് കളിയാക്കി, ക്യാൻസറായിരുന്നു കാരണമെന്ന് ഇപ്പോൾ മനസിലായില്ലേ ? ഒരാളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്കാർക്കും അറിയില്ല. അതുകൊണ്ട് ആളുകളുടെ ശരീരത്തെ കുറിച്ച് മോശമായതൊന്നും പറയാതിരിക്കുക’ ഹാലി റൂത്ത് സ്‌പെൻസർ.

ഏവരുടേയും കണ്ണുതുറപ്പിക്കുന്നതായിരുന്നു നടൻ ചാഡ്‌വിക്ക് ബോസ്മാനെ കുറിച്ച് ഹാലി റൂത്ത് സ്‌പെൻസർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന പോസ്റ്റ്. ജീവിതത്തിൽ ബോഡി ഷെയ്മിംഗ് ഒരു തവണയെങ്കിലും ഏറ്റിട്ടുള്ളവരുടെ കണ്ണ് നനയിക്കും ആ കുറിപ്പ്…ഒരു തവണയെങ്കിലും ബോഡി ഷെയിമിംഗ് നടത്തിയിട്ടുള്ളവരെങ്കിലും ഒന്ന് ചിന്തിക്കും…

കഴിഞ്ഞ ദിവസമാണ് ലോകസിനിമാ പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ബ്ലാക്ക് പാന്തർ താരം ചാഡ്‌വിക്ക് ബോസ്‌മെൻ വിടവാങ്ങിയത്. കോളൻ കാൻസറിനെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു താരം. അത്യാവശ്യം അത്‌ലറ്റിക് ശരീരമുണ്ടായിരുന്ന ചാഡ്‌വിക്കിന്റെ ശരീരം ഒരിടയ്ക്ക് ശോഷിച്ചിരുന്നു. ഈ ചിത്രങ്ങൾ ചിലർ നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ബ്ലാക്ക് പാന്തർ താരത്തെ ‘ക്രാക്ക് പാന്തർ’ എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. അന്ന് താരത്തിന് കോളൻ കാൻസറാണെന്ന് ആരും അറിഞ്ഞിരുന്നില്ല. താരത്തിന്റെ മരണത്തിന് പിന്നാലെയാണ് രോഗാവസ്ഥയെ കുറിച്ച് പുറംലോകം അറിയുന്നത്. ഈ സംഭവം ഉദ്ദരിച്ചുകൊണ്ടായിരുന്നു ഹാലി റൂത്ത് സ്‌പെൻസറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

പലപ്പോഴും ബോഡി ഷെയിമിംഗിന് വിധേയരായവരാണ് നമ്മിൽ പലരും. ഒന്ന് മെലിഞ്ഞിരുന്നാൽ കാറ്റത്ത് പാറി പോകുമല്ലോ എന്നും, തടിച്ചിരുന്നാൽ റേഷൻ വാങ്ങുന്ന കടയേതെന്നുമുള്ള കളിയാക്കലുകൾ സ്ഥിരമാണ്. എന്നാൽ ഈ തടിവയ്ക്കലും മെലിയലുമെല്ലാം ചിലപ്പോഴെങ്കിലും ചില രോഗാവസ്ഥയുടെ ഭാഗമായിരിക്കാം. മാനസിക സംഘർഷമുള്ളവർക്ക് ചിലപ്പോൾ ഭക്ഷണത്തോട് വിരക്തിയുണ്ടാകാം. ഇത്തരക്കാർ അധികമായി മെലിഞ്ഞുപോകും. അത്യധികം മാനസിക സംഘർഷത്തിലൂടെ കടന്നുപോകുമ്പോൾ ബോഡി ഷെയിമിംഗ് കമന്റുകൾ കൂടിയാകുമ്പോഴുള്ള അവസ്ഥ ആലോചിച്ച് നോക്കൂ…അന്ന് തന്റെ രോഗാവസ്ഥ ഓർത്ത് അത്യധികം മനോവിഷമത്തിലൂടെ കടന്നുപോകുമ്പോഴായിരിക്കാം ചാഡ്‌വിക്കും ഈ ബോഡി ഷെയിമിംഗ് ഏൽക്കേണ്ടി വന്നിരിക്കുക…അദ്ദേഹം എത്രമാത്രം വിഷമിച്ചിരിക്കാമെന്നത് നമുക്ക് ഊഹിക്കാൻ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here