കുന്ദമംഗലം: ഐഐഎം ല്‍ നിന്നും മാലിന്യം ഒഴുകിയ വിഷയത്തില്‍ പ്രദേശവാസികള്‍ക്ക് കൈത്താങ്ങായി കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം. പ്രദേശവാസികളുടെ കുടിവെള്ളം ഉപയോഗ ശൂന്യമായതോടെ എംഎല്‍എ യുടെ നിര്‍ദേശപ്രകാരം വാര്‍ഡ് മെമ്പര്‍ പവിത്രന്‍ പ്രദേശം സന്ദര്‍ശിക്കുകയും എസ്റ്റിമേറ്റ് തയ്യാറാക്കി എംഎല്‍എ ക്ക് നല്‍കുകയും ചെയ്യും. അതുപ്രകാരം എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തി ഇവര്‍ക്ക് താല്‍കാലികമായി കുടിവെള്ളം എത്തിക്കും.
കാലങ്ങളായി ഐഐഎം പരിസരത്തെ വീട്ടുകാര്‍ ഐഐഎം ല്‍ നിന്ന് ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ ദുരിതം അമുഭവിക്കുകയാണ്. നിരവധി തവണ അധികാരികളുടെ മുന്‍പില്‍ പ്രശ്‌നം എത്തിച്ചിട്ടും പരിഹാരമാകാതെ കലക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച മുതല്‍ ഇവര്‍ക്ക് കുടിവെള്ളം ലഭ്യമായത്. നേരത്തെ നല്‍കിയിരുന്ന കുടിവെള്ളം യാതൊരു മുന്നറിയിപ്പുമില്ലാതെ ഐഐഎം അധികൃതര്‍ നിര്‍ത്തലാക്കിയിരുന്നു. പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവന്നപ്പോള്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുകയായിരുന്നു.
ഐഐഎംകെയില്‍ നിലവിലുള്ള മാലിന്യ പ്ലാന്റ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിക്കപ്പെട്ടതാണ്. അന്ന് വിദ്യാര്‍ത്ഥികളും മറ്റ് അനുബന്ധ ഉദ്യോഗസ്ഥരും അധ്യാപകരും വളരെ കുറവായിരുന്നു. എന്നാല്‍ ഇന്ന് സ്ഥാപനം നാള്‍ക്കുനാള്‍ ഉന്നതിയിലേക്ക് കുതിക്കുകയാണ്. ഈ സ്ഥാപനത്തിലാണ് മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ട് മലിനീകരണ പ്രശ്‌നം പരിഹരിക്കുന്നതിന് പര്യാപ്തമായ മാലിന്യ പ്ലാന്റും മറ്റ് അനുബന്ധ സംവിധാനങ്ങളും ഒരുക്കേണ്ടത്. എന്നാല്‍ ഇന്ന് ആ പഴഞ്ചന്‍ രീതിയിലുള്ള മാലിന്യ പ്ലാന്റാണ് ഇന്നും നിലനില്‍ക്കുന്നത് എന്ന ആക്ഷേപമുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്ക് താല്‍കാലിക സംവിധാനം എന്ന നിലയില്‍ വെള്ളം നല്‍കുന്നുണ്ടെങ്കിലും ഇവരുടെ മനുഷ്യാവകാശമാണ് സ്ഥാപനം കാറ്റില്‍ പറത്തുന്നത്. ഈ അവകാശ പോരാട്ടത്തിന്റെ ഭാഗമാണ് എല്ലാ സംവിധാനങ്ങളോടും കൂടിയ മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്ന ആവശ്യം. മാനേജ്‌മെന്റിലുള്ള അപര്യാപ്തത പരിഹരിക്കുന്നതിന്ന് വേണ്ടി സ്ഥാപിതമായ ഐഐഎംകെ പരിസരത്തെ ഈ പ്രശ്‌നം പോലും ശാശ്വതമായി പരിഹരിക്കാന്‍ കഴിയാതെ ചോദ്യചിഹ്നമാവുകയാണ്.