ഫറോക്ക് : ഇഎസ്‌ഐ പദ്ധതി ശക്തിപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇഎസ്‌ഐ പദ്ധതി വിപുലപ്പെടുത്തി തൊഴിലാളികള്‍ക്കും കുടുംബത്തിനും കൂടുതല്‍ ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് കീമോ തെറാപ്പി, ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. മുളങ്കുന്നത്ത്കാവ് ഇഎസ്‌ഐ ആശുപത്രിയില്‍ അഞ്ച് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, ഒളരിക്കര ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ് എന്നിവ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഒമ്പത് ഇഎസ്‌ഐ ആശുപത്രികളിലും തീവ്ര പരിചരണ യൂണിറ്റുകള്‍ ആരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്.
ഇഎസ്‌ഐ പദ്ധതിയില്‍ അംഗമാകുന്ന ദിവസം മുതല്‍ തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും എംപാനല്‍ ചെയ്ത ആശുപത്രികളില്‍ സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയില്‍ അംഗമാകുന്ന ദിവസം മുതല്‍ തന്നെ റീസണബിള്‍ മെഡിക്കല്‍ കെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സ്‌പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. നിലവില്‍ ഒമ്പത് ഇഎസ്‌ഐ ആശുപത്രികളില്‍ മാത്രം ലഭിച്ചിരുന്ന ഈ സേവനം എംപാനല്‍ ചെയ്ത 40 ഓളം ആശുപത്രികളില്‍ കൂടി രജിസ്റ്റര്‍ ചെയ്ത ദിവസം മുതല്‍ ലഭിക്കും. കണ്ണൂര്‍ ജില്ലയിലെ തോട്ടട ഇഎസ്‌ഐ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആയി ഉയര്‍ത്താന്‍ അംഗീകാരമായിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് മലപ്പുറം ജില്ലയില്‍ 30 കിടക്കകളുള്ള ആശുപത്രി സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ ആശ്രയമായ ഇഎസ്‌ഐ പദ്ധതി ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. ഇഎസ്‌ഐ തൊഴിലുടമകളുടെ വിഹിതം കുറച്ചുകൊണ്ടുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്. ട്രേഡ് യൂണിയനുകളുടെയും കോര്‍പറേഷന്റെയും നിര്‍ദ്ദേശം മറികടന്നാണ് ഏകപക്ഷീയമായി തൊഴിലുടമ വിഹിതം 4.75 ശതമാനത്തില്‍ നിന്ന് 3.25 ശതമാനമായി കുറച്ചത്. വര്‍ഷം 10,000 കോടിയാണ് ഇഎസ്‌ഐക്ക് ഇതിലൂടെ നഷ്ടപ്പെടുന്നത്. തൊഴിലാളികള്‍ക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം പദ്ധതിയില്‍ ചേര്‍ന്നാല്‍ മതിയെന്ന വ്യവസ്ഥ കൊണ്ടുവരാനുള്ള തീരുമാനവും തൊഴിലാളികള്‍ക്ക് തിരിച്ചടിയാണ്.
വി കെ സി മമ്മദ്‌കോയ എംഎല്‍എ യോഗത്തിൽ അധ്യക്ഷത വഹിച്ചു.