ഉദുമ : കോവിഡ് പശ്ചാത്തലത്തിൽ തന്റെയും മറ്റുള്ളവരുടെയും രോഗവിവരങ്ങൾ ചോർന്നുവെന്ന് ചാനലുകളിൽ വ്യാജപ്രചാരണം നടത്തിയ പ്രാദേശിക കോൺഗ്രസ് നേതാവ് പളളിപ്പുഴയിലെ ഇംദാദിനെ(34) പോലീസ് അറസ്റ്റ് ചെയ്തു. കോവിഡ് രോഗിയായി ആൾമാറാട്ടം നടത്തി ആയിരുന്നു ഇയാൾ നവമാധ്യമങ്ങളിൽ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചത്. പള്ളിക്കര സ്വദേശിയാണ് ഇയാൾ. ബേക്കൽ എസ്ഐ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് ചെയ്തത്.
ഇന്നലെ മുഖ്യ മന്ത്രിയുടെ പത്ര സമ്മേളനത്തിൽ ഇയാളുടെ പേരും സ്ഥലവും പരമർശിച്ചിരുന്നു. നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. താനടക്കമുള്ള പത്തോളം ആളുകളുടെ വിവരം ആശുപത്രിയിൽ വെച്ചും വീട്ടിൽ എത്തിയതിനു ശേഷവും മംഗലൂരിലെ സ്വകാര്യ കമ്പനി വിളിച്ചു ചോദിച്ചെന്നും വിവരങ്ങൾ ചോർന്നുവെന്നുമായിരുന്നു ഇയാളുടെ പ്രചാരണം