തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം വൈകിയതിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെകൊണ്ട് കെഎസ്ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി. കിഴക്കേക്കോട്ട സിറ്റി ഡിപ്പോയിലെ ഡ്രൈവർ തൊളിക്കോട് കാരയ്ക്കൻതോട് തോണിപ്പാറ അഭിജിത്ത് ഭവനിൽ ജി. സജികുമാറി(52)നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് കുടുംബപ്രശ്നം ഉണ്ടായതെന്ന് സഹപ്രവർത്തകർ പറഞ്ഞു. ശബരിമല സീസണിൽ സജികുമാറിനെ ഒരു മാസത്തോളം പമ്പ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. 30 നാണു തിരികെ എത്തിയത്. ശബരിമല സ്പെഷ്യൽ ഡ്യൂട്ടിയുടെ ശമ്പളം ഇതുവരെ സജികുമാറിന് ലഭിച്ചിരുന്നില്ല.
അറ്റൻഡൻസ് രജിസ്റ്ററിലെ വിവരങ്ങൾ ഹെഡ് ഓഫീസിലേക്കയച്ചതിലെ പിഴവുമൂലം നവംബർ മാസത്തിലെ ശമ്പളവും സജികുമാറിന് ലഭിച്ചിട്ടില്ല. രണ്ടു മാസത്തെ ശമ്പളം ലഭിക്കാതെ വന്നതോടെ കടുത്ത നിരാശയിലും സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു സജികുമാറെന്ന് സഹപ്രവർത്തകർ പറയുന്നു.
ഡിസംബറിൽ ശബരിമല ഡ്യൂട്ടിക്കായി പമ്പയിലേക്കു പോകുമ്പോൾ പലചരക്കു സാധനങ്ങൾ വാങ്ങിയ വകയിൽ 18,000 രൂപ കടം ഉണ്ടായിരുന്നു. ശമ്പളം വൈകാതെ വരുമെന്നു പ്രതീക്ഷിച്ച സജികുമാർ തന്റെ സുഹൃത്തും കെഎസ്ആർടിസി ഡ്രൈവറുമായ സുരേന്ദ്രന്റെ പക്കൽ എടിഎം കാർഡ് നൽകിയ ശേഷമാണ് സജികുമാർ ശബരിമല ഡ്യൂട്ടിക്ക് പോയത്.
സജികുമാറിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. എന്നാൽ ഇതുവരെയും കെഎസ്ആർടിസി ശമ്പള ഇനത്തിൽ ഒരു രൂപ പോലും വന്നിട്ടില്ലെന്ന് സുഹൃത്ത് സുരേന്ദ്രൻ പറയുന്നു. പമ്പ ഡ്യൂട്ടി കഴിഞ്ഞെത്തി ശമ്പളം സറണ്ടർ ചെയ്തു വാങ്ങി ലോൺ വ്യവസ്ഥയിൽ ബൈക്ക് വാങ്ങണം എന്നായിരുന്നു സജികുമാർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000).