തൃശൂർ: വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. മുഖ്യപ്രതിയായ അന്തിക്കാട് സ്വദേശി ആരോമലിനെ പൊലീസ് തെരയുകയാണ്. കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിനിയായ യുവതിയെ ആണ് മുൻ സഹപാഠിയായ ആരോമൽ കാറിൽ എത്തി തട്ടിക്കൊണ്ടുപോയത്. പിറ്റേന്ന് തൃശൂർ നഗരത്തിൽ ഇറക്കിവിട്ട യുവതി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ അഭയം തേടി.അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഷെറിനെ പൊലീസ് പിടികൂടി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന കാർ ഏർപ്പാടാക്കി കൊടുത്ത കുറ്റത്തിന് അറസ്റ്റ് ചെയ്ത ഷെറിൻ ഒരുപാട് വാഹനത്തട്ടിപ്പ് കേസുകളിലും പ്രതിയാണ്.
യുവതിയെ കാണാതായെന്ന് പറഞ്ഞ് ഭർത്താവ് കുന്നംകുളം പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് രാത്രിയിൽ തന്നെ തെരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ യുവതിയെ തട്ടിക്കൊണ്ടുപോയ കാറിൽ നിന്നും മറ്റൊരു കാറിലേക്ക് മാറ്റിയിരുന്നു. ആരോമലിന്റെ സുഹൃത്തായ ഷെറിൻ ഏർപ്പാടാക്കിക്കൊടുത്ത ഈ കാറിലാണ് യുവതിയെ രാത്രിയിൽ പാർപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.സ്‌കൂൾ കാലഘട്ടങ്ങളിൽ യുവതിയുടെ കൂടെ പഠിച്ചിരുന്നയാളാണ് കേസിലെ പ്രതി ആരോമൽ. ഇയാൾ സ്ഥിരമായി യുവതിയെ ശല്യപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയിൽ പറയുന്നുണ്ട്. അതേസമയം ആരോമലിനെ കണ്ടെത്താനായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് വ്യക്തമാക്കി.