പാലക്കാട്: വടക്കഞ്ചേരിയിൽ വിദ്യാർഥികളടക്കം ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറെ കണ്ടെത്താനായില്ല. എറണാകുളം സ്വദേശിയായ ജോമോനാണ് ഒളിവിൽ പോയിരിക്കുന്നത്. അധ്യാപകനെന്ന വ്യാജേന വടക്കഞ്ചേരി ഇ.കെ നായനാർ ആശുപത്രിയിലെത്തി ചികിത്സ തേടിയ ശേഷമാണ് ജോമോൻ മുങ്ങിയത്. കൈയ്ക്കും കാലിനും നിസാര പരുക്ക് മാത്രമുണ്ടായിരുന്ന ഇയാൾ അധ്യാപകനെന്നു പറഞ്ഞാണ് ചികിത്സ തേടിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അപകട ശേഷം ടൂറിസ്റ്റ് ബസിന്റെ ഉടമ അടക്കമുള്ളവർ സ്ഥലത്തെത്തിയാണ് ജോമോനെ കൂട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. അതേസമയം, ജോമോനെതിരെ മനഃപൂർവ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അപകടത്തിന് കാരണം അമിതവേഗതയാണെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് ബസ് സഞ്ചരിച്ചത് 97.2 കിലോമീറ്റർ വേഗത്തിലായിരുന്നെന്നാണ് കണ്ടെത്തൽ.
വടക്കഞ്ചേരിയിൽ കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് രാത്രി 11.30നാണ് അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ട്രാൻസ്പോർട്ട് വകുപ്പിന്റെ കരിമ്പട്ടികയിലാണ് അപകടത്തിൽപ്പെട്ട ലൂമിനസ് ബസ്. ടൂർ പാക്കേജുകൾ നൽകുന്ന ഏജൻസികൾക്ക് വേണ്ടിയാണ് ലൂമിനസ് പ്രധാനമായും ഓടുന്നത്. കൂടുതലും സ്കൂൾ, കോളേജ് ഓട്ടങ്ങൾ. വിദ്യാർത്ഥികളെ ആകർഷിക്കാനാണ് നിയമ വിരുദ്ധമായി ലൈറ്റുകൾ വച്ച് പിടിപ്പിച്ചത്. അപകടം നടന്നു മണിക്കൂറുകൾക്കുള്ളിൽ ലൂമിനസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഡിലീറ്റ് ചെയ്യപ്പെട്ടു.