സപ്തംബര്‍ 28 ലോക റാബിസ് ദിനാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ പേവിഷ ബാധയെക്കുറിച്ച് ബോധവത്കരണം നടത്തും. ദിനാചരണത്തോടനുബന്ധിച്ച് നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുളള യോഗത്തിലാണ് തീരുമാനം.
”പേവിഷ ബാധ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നിര്‍ബന്ധമായും വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കൂ” എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഇതിനോടനുബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍, കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ പേവിഷബാധയെക്കുറിച്ച് ജനങ്ങളില്‍ ബോധവത്കരണം നടത്തും. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ ലഭിച്ചു എന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുവരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സപ്തംബര്‍ 28 ന് മെഡിക്കല്‍ കോളേജ് ഒ.പി. വിഭാഗത്തില്‍ വെച്ച് പൊതുജനങ്ങള്‍ക്ക് റാബിസ് രോഗത്തെ കുറിച്ചും മുന്‍കരുതലുകളെ പറ്റിയും ബോധവത്കരണ ക്ലാസ് നടത്തും. ഉച്ചയ്ക്ക് ശേഷം മൃഗസംക്ഷണവകുപ്പുമായി സഹകരിച്ച് മെഡിക്കല്‍ കോളേജ് സെമിനാര്‍ ഹാളില്‍ ഡോക്ടര്‍മാര്‍ക്കും പി.ജി.ഡോക്ടര്‍മാര്‍ക്കും ഹൗസ് സര്‍ജന്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സെമിനാര്‍ നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി.യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പിലെ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ.നീനകുമാര്‍, മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി വിഭാഗത്തിലെ ഡോ. ജയകൃഷ്ണന്‍ അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി, കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. ഷാനു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 .കെ.ടി.മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.