ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച കരുവന്തുരുത്തി സ്വദേശി കോയമോന് (66) ആണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് ഇന്ന് മരിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
കോഴിക്കോട് നഗരത്തില്‍ വെച്ച് നടന്ന ബൈക്ക് അപകടത്തില്‍ കോയമോന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ ആംബുലന്‍സില്‍ ബീച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നും അതേ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ആംബുലന്‍സിനകത്ത് ഡോക്ടര്‍മാരും കോയമോന്റെ ബന്ധുക്കളുമുണ്ടായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും ആംബുലന്‍സിന്റെ വാതില്‍ കുടുങ്ങിപ്പോയതോടെ രോഗിയെ പുറത്തിറക്കാനായില്ല. അര മണിക്കൂറോളം നേരം പരിശ്രമിച്ചെങ്കിലും ആംബുലന്‍സ് തുറക്കാനാകാതെ വന്നതോടെ വാതില്‍ മഴു ഉപയോഗിച്ച് ഡോര്‍ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെത്തിച്ചത്. തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വൈകീട്ടോടെ മരണം സ്ഥിരീകരിച്ചു.
ആംബുലന്‍സിനകത്ത് ഉണ്ടായിരുന്നവര്‍ പെട്ടെന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ അത് കുടുങ്ങിപ്പോയതാണെന്നാണ് വിശദീകരണം. 2002 മുതല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സാണിത്. സംഭവത്തില്‍ ആശുപത്രിയിലെ ആര്‍എംഎ അന്വേഷണത്തിന് ഉത്തരവിട്ടു.