സ്വത്തു തട്ടിയെടുക്കാനായി അമ്മയെ മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ മകള്‍ ഇന്ദുലേഖ രണ്ട് മാസം മുമ്പും മാതാപിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതിനായി അന്ന് ഇന്ദുലേഖ 20 ഡോളോ ഗുളികകള്‍ വാങ്ങി. അതില്‍ കുറച്ച് ഇരുവര്‍ക്കും നല്‍കി. തെളിവെടുപ്പില്‍ അവശേഷിച്ച ഗുളിക പായ്ക്കറ്റും പൊലീസ് കണ്ടെത്തി.
മാതാവിനെ കൊല്ലാനുപയോഗിച്ച എലിവിഷം കുന്നംകുളത്തെ കടയില്‍ നിന്നാണ് ഇന്ദുലേഖ വാങ്ങിയത്. വിഷത്തിന്റെ ബാക്കിയും വിഷം നല്‍കിയ പാത്രവും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ വിഷം കൊടുത്ത് കൊല്ലാമെന്ന് ഗൂഗിളില്‍ ഇന്ദുലേഖ സെര്‍ച്ച് ചെയ്തതിന്റെ ഹിസ്റ്ററിയാണ് കേസില്‍ വഴിത്തിരിവായത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് രുഗ്മിണി മരിച്ചത്. അമ്മയ്ക്കു തുടര്‍ച്ചയായ ഛര്‍ദ്ദിയാണെന്നും മഞ്ഞപ്പിത്തമാണെന്നും പറഞ്ഞാണ് മകള്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. 14 സെന്റ് ഭൂമിയും വീടും കൈക്കലാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയത്. എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക ബാദ്ധ്യത യുവതിയ്ക്കുണ്ട്.
ഇന്ദുലേഖയെ കൊലക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. ചന്ദ്രന്‍-രുഗ്മിണി ദമ്പതികളുടെ മൂത്ത മകളാണ് ഇന്ദുലേഖ. രണ്ടു മക്കളുണ്ട്. മകന് പതിനേഴ് വയസുണ്ട്.