ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന പാസ് വേഡ് ദ്വിദിന ഫ്‌ളവറിംഗ് ക്യാമ്പ് ചേവായൂര്‍ സിജി ഓഡിറ്റോറിയത്തില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ സംഘടിപ്പിച്ചു. ശനിയാഴ്ച ആരംഭിച്ച ക്യാമ്പ് എസ്.സി.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ‘എക്‌സ്‌പ്ലോറിംഗ് ഇന്ത്യ’യെന്ന ദേശീയ പഠന പര്യടനത്തിലേക്കു വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ളതാണ് ഫ്‌ളവറിംഗ് ക്യാമ്പ്.
ആദ്യഘട്ട ക്യാമ്പുകളില്‍ ജില്ലയിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 120 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. നികുതിപ്പണം ഉപയോഗിച്ച് പഠിക്കുന്ന നാം സ്ഥാനമാനങ്ങള്‍ നേടിയാലും സാമൂഹിക പ്രതിബദ്ധതയുള്ളവരാകണമെന്ന് എസ്.സി.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ഉദഘാടന ചടങ്ങില്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളിലെയും പുതുതലമുറക്ക് പഠിക്കാന്‍ നമ്മുടെ തുഛമായ നികുതി വരുമാനത്തില്‍ നിന്ന് വലിയൊരു ഭാഗം ഭരണകൂടം മാറ്റിവെക്കുന്നുണ്ട്.
അവ ഉപയോഗപ്പെടുത്തി ഉദ്യോഗം നേടുന്നവര്‍ സമൂഹത്തിലെ സാധരണക്കാരെയടക്കം പരിഗണിക്കണം. വിദ്യാഭ്യാസത്തിലൂടെ സുരക്ഷിത ജോലി നേടാന്‍ മാത്രമല്ല, നല്ല മനുഷ്യനാകാനും നമുക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പരിമിതി ഉന്നത പഠനത്തിന് തടസ്സമാകരുതെന്നും പിന്നാക്ക വിഭാഗങ്ങളിലെയടക്കം കുട്ടികള്‍ക്ക് അതിന് അവസരമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറായ ഡോ. എ.ബി. മൊയ്തീന്‍ കുട്ടി പറഞ്ഞു. ‘കലക്ടറോടൊപ്പം ‘ പരിപാടിയില്‍ ജില്ല കലക്ടര്‍ വി. സാംബ ശിവ റാവു കുട്ടികളുമായി സംവദിച്ചു.