ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസില്‍ മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ധിഖ് കാപ്പന് അലഹാബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കാപ്പന് മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍ ഗൗരവതരമാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ അന്തിമ വിധി.
ജാമ്യം ആവശ്യപ്പെട്ട് സിദ്ദീഖ് കാപ്പന് നല്കിയ ഹര്‍ജിയില്‍ ചൊവ്വാഴ്ച വാദം പൂര്‍ത്തിയായിരുന്നു. വാദങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച ശേഷം ഇന്നലെയാണ് കോടതി ജാമ്യ ഹര്‍ജിയില്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. നേരത്തെ നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെയാണ് വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിനെ സമീപിച്ചത്. ജസ്റ്റിസ് കൃഷ്ണ പഹല്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹാഥ്രസ് ബലാത്സംഗക്കൊല റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ, 2020 ഒക്ടോബറിലാണ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹാഥ്രസിലേക്കുള്ള മാര്‍ഗമധ്യേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കൊപ്പം പിടിയിലായ സിദ്ധിഖ് കാപ്പനെതിരെ പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. ഹാഥ്രസ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സമുദായ സംഘര്‍ഷത്തിനു ശ്രമിച്ചെന്നാണ് യുപി പൊലീസിന്റെ കേസ്.
ജാമ്യത്തിനായി കാപ്പന് മഥുര കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളിയതോടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

