നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള പ്രകടനം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘര്‍ഷം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണു. കെ സി വേണുഗോപാലിനെ പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുതള്ളുകയും നെഞ്ചിന് മര്‍ദിച്ചതായും പരാതിയുണ്ട്. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട വേണുഗോപാലിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത് തുഗ്ലക് സ്റ്റേഷനിലേക്ക് മാറ്റി.
കൊടിക്കുന്നില്‍ സുരേഷ് എംപിയെ പൊലീസ് തടഞ്ഞു. ഇഡി ഓഫീസിന് മുന്നില്‍ രണ്‍ദീപ് സിങ് സുര്‍ജേവാല കുത്തിയിരുന്ന് സത്യാഗ്രഹം നടത്തുകയാണ്.
പ്രതിഷേധത്തിന് നേതൃത്വം നല്കിയ കെ സി വേണുഗോപാല്‍, ലോക്സഭ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അശോക് ഗെഹലോട്ട്, ഭൂപേഷ് ബാഗേല്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്, കെ ശ്രീകണ്ഠന് എംപി, ഡീന്‍ കുര്യാക്കോസ് എംപി തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഫത്തേപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകും. പ്രതിഷേധിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.