തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ ഉമ തോമസ് വിജയിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയനെയും കെ വി തോമസിനെയും പരിഹസിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ സുധാകരന്. ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ക്യാപ്റ്റന്‍ നിലംപരിശായെന്ന് കെ.സുധാകരന് പറഞ്ഞു. സ്വന്തം പഞ്ചായത്തില്‍ പത്ത് വോട്ട് പിടിക്കാന്‍ പോലും കെ വി തോമസിനായിട്ടില്ലെന്ന് പരിഹസിക്കുകയും ചെയ്തു.
കേരളത്തിന്റെ ജനവികാരമാണ് തൃക്കാക്കരയില്‍ ഉണ്ടായത്. ഈ നാട്ടില്‍ സില്‍വര്‍ ലൈന്‍ എന്നതിന്റെ പ്രഖ്യാപനമാണ് എറണാകുളത്ത് പ്രതിഫലിച്ചതെന്നും കെ.സുധാകരന് പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ അമ്മമാരെ നോവിച്ചു, കൊച്ചുകുട്ടികളെ വലിച്ചിഴച്ചു, അത് ജനം മറക്കില്ല. അതാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്. ഇത് ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തണം. ഇനിയെങ്കിലും തെറ്റ് തിരുത്തി മുന്നോട്ടുപോകണം. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന വികസനമല്ല ജനം ആഗ്രഹിക്കുന്നത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കണം എന്നും കെ.സുധാകരന് ആവശ്യപ്പെട്ടു.
അന്തസ്സും അഭിമാനവും ഉണ്ടെങ്കില്‍ പിണറായി വിജയന് രാജിവയ്ക്കണം. മുഖ്യമന്ത്രി ഒരു നിയോജക മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് ഇതിന് മുമ്പ് ഒരു ഉപതെരഞ്ഞെടുപ്പിലും കണ്ടിട്ടില്ല. തെരഞ്ഞെടുപ്പിന്റെ പേരില്‍ വന്‍ ധൂര്‍ത്താണ് ഇടതുപക്ഷം നടത്തിയത്. എന്നിട്ടാണ് ദയനീയമായി ഒരു റൗണ്ടില്‍ പോലും മുന്നിലെത്താനാകാതെ കനത്ത തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത്. ദുര്‍ബലമായ ഒരു മുന്നണിയുടെ നേതാവായി പിണറായി വിജയന് മാറുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഈ ജനഹിതത്തോട് മുഖ്യമന്ത്രിയും മുന്നണിയും പ്രതികരിക്കണം. ആ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് കേരളം. തൃക്കാക്കരയില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും സുധാകരന് ആരോപിച്ചു. കണ്ണൂരില്‍ നിന്ന് ഇതിനായി ആളുകള്‍ പോയിട്ടുണ്ട്. കള്ളവോട്ട് ചെയ്തിട്ടും ഇതാണ് തെരഞ്ഞെടുപ്പ് ഫലമെങ്കില്‍ അതില്ലായിരുന്നുവെങ്കില്‍ സിപിഎമ്മിന്റ നില എന്താകുമായിരുന്നുവെന്നും കെപിസിസി പ്രസിഡന്റ് ചോദിച്ചു.
കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ചുവരവ് ഇനി കേരളം കാണാന്‍ പോകുകയാണ്. നാടിന്റെ നാനാഭാഗത്ത് നിന്ന് തൃക്കാക്കരയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി. നേതാക്കള്‍ വീടുകള്‍ തോറും കയറി വോട്ട് ഉറപ്പാക്കി. കോണ്‍ഗ്രസിന്റെ ഒരു പുതിയ ശൈലിയാണ് തൃക്കാക്കരയില്‍ പ്രതിഫലിച്ചതെന്നും കെ.സുധാകരന് പറഞ്ഞു. ഇതാണ് കോണ്‍ഗ്രസിന്റെ മുഖം. ഈ കോണ്‍ഗ്രസാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

