മഹാമാരിയായ കൊവിഡ് രോഗവ്യാപനത്തിന് ശേഷം കേരള ടൂറിസം തിരിച്ചുവരവിന്റെ പാതയില്‍. ഈ വര്‍ഷം ആദ്യ പാദത്തില്‍ 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികള്‍ കേരളത്തിലെത്തി. 22 ലക്ഷം പേര്‍ എത്തിയ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 72.48 ശതമാനം വളര്‍ച്ച ഇത്തവണ നേടാനായതായി എന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ തിരുവനന്തപുരവും ഇടുക്കിയും വയനാടും ആദ്യ അഞ്ചില്‍ ഇടം പിടിച്ചിട്ടുണ്ടെന്നും ടൂറിസം രംഗത്ത് മുന്‍ വര്‍ഷത്തേക്കാള്‍ വളര്‍ച്ചയുണ്ടെന്നും ഇത് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
2022 ലെ ആദ്യ പാദത്തില്‍ 811,426 വിനോദ സഞ്ചാരികള്‍ എത്തിയ എറണാകുളം ജില്ലയാണ് വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാമത്. 600,933 പേര്‍ എത്തിയ തിരുവനന്തപുരമാണ് രണ്ടാമത്. ഇടുക്കി(511,947), തൃശൂര്‍ (358,052), വയനാട് (310,322) ജില്ലകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
വിദേശ വിനോദസഞ്ചാരികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തിലെ 14,489 എന്ന നിലയില്‍ നിന്നും 200:55 ശതമാനം വര്‍ദ്ധനയോടെ 43,547 ലേക്ക് എത്താനായി. ഈ വര്‍ഷം ആദ്യ പാദത്തില്‍ 29,000 വിദേശ സഞ്ചാരികളാണ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ അധികമായി എത്തിയത്. എറണാകുളത്തും തിരുവനന്തപുരത്തുമാണ് കൂടുതല്‍ വിദേശ സഞ്ചാരികളെത്തിയത്.
പ്രാദേശിക ടൂറിസം രംഗം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കിടയില്‍ ടൂറിസം ഡെസ്റ്റിനേഷന്‍ ചലഞ്ച് ഉടന്‍ പ്രഖ്യാപിക്കും. ഒരു തദ്ദേശ സ്ഥാപനത്തിന് കീഴില്‍ പുതുതായി രണ്ട് ടൂറിസം കേന്ദ്രം എന്നതാണ് പദ്ധതി. ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പും പ്രചാരണവും വിവിധ വകുപ്പുകളെ കൂടി സഹകരിപ്പിച്ച് നടത്തും.
കാരവന്‍ ടൂറിസം സാഹസിക ടൂറിസം, ചാമ്പ്യന്‍സ് ബോട്ട് ലീഗ്, തൂടങ്ങിയ വൈവിധ്യങ്ങളില്‍ ടൂറിസം രംഗത്ത് കേരളത്തിന് നേട്ടങ്ങളുടേതാകും എന്നാണ് പ്രതീക്ഷ. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക ടൂറിസം കൂടുതല്‍ ശക്തമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
കോവളം ബീച്ചിനായി ബൃഹത് പദ്ധതിയാണ് തയ്യാറാകുന്നത്. കിഫ്ബിയും ടൂറിസം വകുപ്പുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. യുവജനങ്ങളെ ടൂറിസം മേഖലയിലേക്ക് കൊണ്ട് വരും. ഉന്നത വിദ്യാഭ്യാസ- ടൂറിസം വകുപ്പുകള്‍ ഇതിനായി കൈകോര്‍ക്കും. ക്യാമ്പസുകളില്‍ ടൂറിസം ക്ലബുകള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി റിയാസ് അറിയിച്ചു.