ഒന്നാം ക്ലാസിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്നതിനായി വെള്ളിനാണയം സമ്മാനമായി നല്‍കുന്ന പദ്ധതിയുമായി കര്‍ണാടകത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍. മാണ്ഡ്യ ജില്ലയിലെ കന്നഡ മീഡിയം സ്‌കൂളായ മേലുകോട്ട പ്രൈമറി സ്‌കൂളാണ് വ്യത്യസ്തമായ പദ്ധതിക്കു പിന്നില്‍.
കന്നഡ മീഡിയത്തിലുള്ള 150 വര്‍ഷത്തോളം പഴക്കമുള്ള ബോയ്‌സ് സ്‌കൂളാണിത്. സ്വകാര്യ സ്‌കൂളുകളെ വെല്ലുംവിധം വിദ്യാര്‍ഥികള്‍ക്കായി ഒട്ടേറെ സൗകര്യങ്ങള്‍ 1875-ല്‍ സ്ഥാപിക്കപ്പെട്ട ഈ സ്‌കൂള്‍ നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ അധ്യയനവര്‍ഷം മുതല്‍ വെള്ളിനാണയം സമ്മാനമായി നല്‍കുന്ന പദ്ധതി ആരംഭിച്ചത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പാഠപുസ്തകം, യൂണിഫോം, പഠനയാത്ര തുടങ്ങിയവ സൗജന്യമാണ്. ഇംഗ്ലീഷില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പോക്കണ്‍ ഇംഗ്ലീഷിന്റെ ക്ലാസും ഇവിടെ നടത്തുന്നുണ്ട്. ക്ലാസിന് ശേഷം വിദ്യാര്‍ത്ഥികളെ വീട്ടിലെത്തിക്കാനായി സൗജന്യ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2013-ല്‍ വിദ്യാര്‍ഥികളുടെ എണ്ണം 32 ആയി കുത്തനെ കുറഞ്ഞതോടെ സ്‌കൂള്‍ അടച്ചുപൂട്ടലിന്റെ വക്കിലെത്തിയിരുന്നു. എന്നാല്‍, അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതോടെ ഇപ്പോള്‍ വിദ്യാര്‍ഥികളുടെ എണ്ണം 112 ആയി ഉയര്‍ന്നു. ഈവര്‍ഷം മുതല്‍ കംപ്യൂട്ടര്‍ ക്ലാസുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്.