രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം ഇന്ന് നടക്കും. പുതുതായി നിര്‍മിച്ച 20,808 വീടുകളുടെ താക്കോല്‍ദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കഠിനംകുളത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകിട്ട് നാലിനു നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ അധ്യക്ഷത വഹിക്കും.
തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അമിറുദ്ദീന്റേയും ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചാകും ഉദ്ഘാടനം. ഇതേസമയം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടേയും താക്കോല്‍ദാനം നടത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍
സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മനുഷ്യര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതിയായ ‘ലൈഫ് മിഷന്‍’ വഴി കേരളത്തില്‍ പാര്‍പ്പിട സൗകര്യത്തെക്കുറിച്ചുള്ള നിരന്തരമായ അരക്ഷിതബോധത്തില്‍ നിന്നും ഇന്ന് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ മോചിതരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവര്‍ മുതല്‍ സ്വന്തം ഭൂമിയില്‍ തുടങ്ങി വെച്ച വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരെ വരെ ഉള്‍പ്പെടുത്തി ഭവനരാഹിത്യം എന്ന പ്രശ്‌നത്തെ അതിന്റെ സമഗ്രതയില്‍ ലൈഫ് അഭിസംബോധന ചെയ്യുന്നു. അതായത്, പരമാവധി പേരെ ഭവനപദ്ധതിയില്‍ ഉള്‍കൊള്ളിക്കലാണ് ലൈഫിന്റെ നയം, വിചിത്രമായ ദാരിദ്ര്യനിര്‍ണ്ണയരീതികള്‍ കൊണ്ട് ഗുണഭോക്താക്കളെ പരമാവധി പുറംതള്ളലല്ല.
സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടതും ആലംബഹീനരുമായവരെ കണ്ടെത്തി അവര്‍ക്കാണ് ആദ്യം വീടുകള്‍ നിര്‍മിച്ചുനല്‍കിയത്. മാനസിക വെല്ലുവിളി നേരിടുന്നവര്‍, ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍, അഗതികള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍, അവിവാഹിതരായ അമ്മമാര്‍, അപകടത്തില്‍പ്പെട്ട് ജോലിചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിയാത്തവര്‍, വിധവകള്‍ ഇവര്‍ക്കൊക്കെയായിരുന്നു മുന്‍ഗണന. ഭൂരഹിതരായ ഭവനരഹിതര്‍ക്ക് വേണ്ടി പണിയുന്ന ഭവനസമുച്ചയങ്ങളില്‍ അങ്കണവാടികള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, പാലിയേറ്റീവ് കെയര്‍ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഏര്‍പ്പെടുത്താന്‍ ശ്രദ്ധിച്ചിരിക്കുന്നതും സര്‍ക്കാരിന്റെ കരുതലിന്റെ ഭാഗമായിട്ടാണ്.
ഈ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍ 20,808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മെയ് 17 ന് നടത്തുകയാണ്. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ശ്രീ. അമിറുദ്ദീന്റേയും ശ്രീമതി ഐഷാ ബീവിയുടേയും ഭവനത്തിന്റെ താക്കോല്‍ദാനം നിര്‍വഹിക്കുമ്പോള്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടേയും താക്കോല്‍ദാനം നടത്തും. ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ രണ്ടാം നൂറുദിന പരിപാടിയില്‍ 20808 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. സര്‍ക്കാരിന്റെ ഒന്നാം നൂറ് ദിന പരിപാടിയുടെ ഭാഗമായി നേരത്തെ 12,000 ലൈഫ് ഭവനങ്ങള്‍ പൂര്‍ത്തിയാക്കി താക്കോല്‍ദാനം നിര്‍വഹിച്ചിരുന്നു. ഇതോടെ ഭവനരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ 6 വര്‍ഷം കൊണ്ട് കേരളത്തില്‍ ലൈഫ് പദ്ധതിയിലൂടെ പണിതുയര്‍ത്തിയത് 2,95,006 വീടുകളാണ്. 34,374 വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലാണ്. കൂടാതെ 27 ഭവന സമുച്ചയങ്ങളും നിര്‍മ്മാണത്തിലുണ്ട്.
ഭൂരഹിത- ഭവന രഹിതര്‍ക്കായി ഭൂമി കണ്ടെത്താന്‍ ‘മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിന്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. 2022 മാര്‍ച്ച് അവസാന വാരം തുടക്കം കുറിച്ച ഈ പരിപാടിയിലൂടെ ഇതിനകം 1712.56 സെന്റ് സ്ഥലം ലഭിച്ചു. 35 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 41 ഇടങ്ങളിലാണ് ഈ സ്ഥലങ്ങള്‍ ലഭിച്ചിട്ടുള്ളത്. ഇതിന് പുറമെ 1000 പേര്‍ക്ക് ഭൂമി നല്‍കാനായി 25 കോടി രൂപയുടെ സ്പോണ്‍സര്‍ഷിപ്പും ലഭ്യമായിട്ടുണ്ട്. ഭവന രഹിതര്‍ക്കായി ഭൂമി കണ്ടെത്താനുള്ള ഈ ക്യാമ്പയിന്‍ കൂടുതള്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.