സംസ്ഥാന സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിനു ബദല്‍ നിര്‍ദേശവുമായി മെട്രോമാന്‍ ഇ ശ്രീധരന്‍ നിലവിലെ റെയില്‍ പാതയുടെ വികസനം കൊണ്ട് തന്നെ വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നതാണ് പദ്ധതിയെന്നും ജനങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിച്ച ശേഷം പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും ഇ ശ്രീധരന്‍ അറിയിച്ചു.
സ്ഥലമേറ്റെടുക്കലോ, കുടിയൊഴിപ്പിക്കലോ ഇല്ലാതെ നിലവിലെ റെയില്‍പാതയുടെ വികസനം കൊണ്ടുമാത്രം വേഗത്തിലുള്ള ട്രെയിന്‍ യാത്ര സാദ്ധ്യമാകുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. പണച്ചെലവും വളരെ കുറച്ചുമതിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
പൊന്നാനിയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു ബദല്‍ പദ്ധതിയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് വലിയ പാരിസ്തിഥിക ആഘാതങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്ന് വി. മുരളീധരന്‍ പറഞ്ഞു. അതോടൊപ്പം പതിനായിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകും. പ്രായോഗികമല്ലാത്ത പദ്ധതിയാണിത്. കേരളത്തിന് വേഗതയുള്ള ട്രെയിനുകള്‍ വേണം. റോഡിലെ തിരക്കും ഒഴിവാക്കണം. ഇതിനുള്ള ബദല്‍ നിര്‍ദേശങ്ങള്‍ റെയില്‍വേ വകുപ്പിന് സമര്‍പ്പിക്കും. റെയില്‍വേ വകുപ്പ് ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി ചര്‍ച്ച ചെയ്യുകയും ആവശ്യമായ തീരുമാനം എടുക്കുമെന്നും വി. മുരളീധരന്‍ പറഞ്ഞു.
രണ്ട് തരത്തിലുള്ള പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് സമര്‍പ്പിക്കുകയെന്ന് ഇ. ശ്രീധരന്‍ വ്യക്തമാക്കി. നിലവിലെ റെയില്‍ പാതയുടെ വികസനം കൊണ്ട് സാധ്യമാകുന്നതാണ് പദ്ധതികള്‍. വേഗം വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ ഹ്രസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും ഉള്‍പ്പെടുത്തിയാണ് വിശദമായ റിപ്പോര്‍ട്ട്.
ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ് നടപ്പാക്കുന്നത്. റോഡിലെ തിരക്ക് കുറയ്ക്കാനായി ആദ്യം ഹ്രസ്വകാല പദ്ധതി നടപ്പിലാക്കും. ഇതിലൂടെ രണ്ടുലക്ഷത്തോളം പേരെ ട്രെയിന്‍ യാത്രക്കാരാക്കി മാറ്റാന്‍ കഴിയും. തുടര്‍ന്ന് ദീര്‍ഘകാല പദ്ധതി നടപ്പാക്കും. നിലവിലെ ഓപ്പറേഷന്‍ രീതി, സിഗ്‌നലിംഗ് സംവിധാനം തുടങ്ങിയവ മാറ്റുക എന്നിവയാണ് ഇതില്‍ പ്രധാനം. ഇത് പൂര്‍ണമായി നടപ്പാക്കാന്‍ സില്‍വര്‍ ലൈന്‍ നടപ്പിലാക്കുന്നതിനെക്കാള്‍ കുറഞ്ഞ സമയവും ചെലവും മതിയാവുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.