സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിൽ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച പിണറായിയിലെ സ്‌കൂള്‍ അധ്യാപികയ്ക്കും കുടുംബത്തിനും സിപിഐഎമ്മുമായി ബന്ധമില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.
പ്രതികളെ സംരക്ഷിക്കാൻ സിപിഎം പ്രവർത്തകർ കൂട്ടുനിൽക്കില്ലെന്നും എം.വി.ജയരാജൻ പറഞ്ഞു. പ്രവാസിയുടെ ഭാര്യയാണ് പ്രതിയായ നിജിൽ ദാസിനെ ഒളിവിൽ പാർപ്പിച്ചതെന്നും ഇവരുടെ ഫോൺ പരിശോധിച്ചതിൽ പ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായതായും എം.വി.ജയരാജൻ പറഞ്ഞു. രേഷ്മയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് രേഷ്മ ചെയ്തത് പുണ്യപ്രവൃത്തിയല്ലെന്നായിരുന്നു ജയരാജൻ്റെ മറുപടി.
കൊലക്കേസ് പ്രതിയെ അധ്യാപിക ഒളിവില്‍ താമസിപ്പിച്ചത് സംശയാസ്പദമാണെന്നും എംവി ജയരാജന്‍ ആരോപിച്ചു. ആള്‍താമസമില്ലാത്ത ഈ വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. പലപ്പോഴും വാടകക്ക് കൊടുക്കാറുള്ള വീടാണിത്. അങ്ങനെ ഒരു വീട്ടില്‍ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്. പ്രതിക്ക് അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്ക്ക് അമൃത വിദ്യാലയത്തില്‍ ജോലി ലഭിച്ച സാഹചര്യം എന്നിവ പരിശോധിച്ചാല്‍ കൂടുംബത്തിന്റെ ആര്‍എസ്എസ് ബന്ധം വ്യക്തമാവും എന്നും എംവി ജയരാജന്‍ പ്രതികരിച്ചു.