പാലക്കാട് കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ മൃതദേഹം കറുകോടി മൂത്താൻ സമുദായ ശ്മശാനത്തിൽ സംസ്കരിച്ചു. നൂറുകണക്കിന് ആളുകൾ സംസ്കാര ചടങ്ങിനെത്തി.
പോസ്റ്റുമോർട്ടം നടപടിക്ക് ശേഷം മൃതദേഹം വിലാപ യാത്രയായി കണ്ണകി അമ്മൻ ഹയർ സെക്കണ്ടറി സ്കൂളിലെത്തിച്ച് പൊതു ദർശനത്തിന് വെച്ചു . പിന്നീട് വീട്ടിലെത്തിച്ചു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ പിന്നിടും മുൻപാണ് ശ്രീനിവാസനെ ആറ് അംഗ സംഘം ഇന്നലെ കടയിൽ കയറി വെട്ടി കൊന്നത്.
ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്.

