ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിനുവേണ്ടി 18 മാസത്തിനുള്ളില്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ യഷ് ദുല്‍.
ബിസിസിഐയുടെ സ്വീകരണത്തിന് ശേഷം ഡല്‍ഹിയിലെ വീട്ടില്‍ തിരിച്ചെത്തിയ യഷിന്
അര മണിക്കൂര്‍ മാത്രമാണ് കുടുംബാഗങ്ങള്‍ക്കൊപ്പം ചിലവഴിക്കാനായത്. പിന്നാലെ തന്റെ സ്കൂളായ ബാല്‍ ഭവനില്‍ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി. ശേഷം രഞ്ജി ട്രോഫി മത്സരിക്കാന്‍ ഗുവാഹത്തിയിലും പോയി.
കുറച്ചു ദിവസങ്ങളായി ഉറങ്ങിയില്ലെന്നും ഇതൊരു വലിയ യാത്രയുടെ തുടക്കമാണെന്നും യഷ് വ്യക്തമാക്കി. ‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉറങ്ങാന്‍ പോലും സമയം കിട്ടിയിട്ടില്ല. അതില്‍ എനിക്ക് പരാതിയില്ല. ഭാവിയില്‍ മികച്ച നേട്ടം കൈവരിക്കാനുള്ള പരിശ്രമം മാത്രമാണ് മുന്നില്‍. 18 മാസത്തിനുള്ളില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറുക എന്നതാണ് എന്റെ മുന്നിലെ ലക്ഷ്യം. അതു നടന്നില്ലെങ്കില്‍ പരിശ്രമവും കഠിനധ്വാനവും തുടരും.’ യഷ് പറഞ്ഞു.
ഇന്ത്യന്‍ താരം വിരാട് കോഹ്ലിയുമായി അണ്ടര്‍-19 ലോകകപ്പ് ഫൈനലിന് മുമ്പ് നടന്ന സംഭാഷണത്തെ കുറിച്ചും യഷ് മനസ്സുതുറന്നു. 2008 ലോകകപ്പിലെ അനുഭവങ്ങള്‍ കോഹ്ലി പങ്കിട്ടെന്നും അതു ഫൈനലില്‍ സഹായകരമായെന്നും പറഞ്ഞു. . എന്തെല്ലാം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്തെല്ലാം ഒഴിവാക്കണമെന്നും സംഭാഷണത്തില്‍ വ്യക്തമായതായും യഷ് കൂട്ടിച്ചേര്‍ത്തു.