സംസ്ഥാനത്തെ പുനഃസംഘടനാ നടപടി അനിവാര്യമാണെന്നും അതൃപ്തിയുള്ള നേതാക്കളുമായി സംസാരിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പുനഃസംഘടന നടത്താതിരുന്നാല്‍ പ്രവര്‍ത്തനം മന്ദീഭവിക്കുമെന്നും അതിന് താല്പര്യപ്പെടുന്നില്ലെന്നും വിഡി സതീശന് വ്യക്തമാക്കി.
‘കേരളത്തില്‍ പുനഃസംഘടന നടത്താതിരുന്നാല്‍ പ്രവര്‍ത്തനം മുഴുവന്‍ മന്ദീഭവിക്കും. അത് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നില്ല. മാറ്റമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ക്ക് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് അവരുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. ഇതൊന്നും വിവാദമാക്കേണ്ട വിഷയമല്ല.’ വിഡി സതീശന് പറഞ്ഞു.
കെപിസിസി പ്രസിഡണ്ടിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് തനിക്ക് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് അദ്ദേഹമെന്നും വിഡി സതീശന് കൂട്ടിചേര്‍ത്തു. നമ്മളെല്ലാം വ്യക്തികളാണ്, എല്ലാവര്ക്കും 100 ശതമാനം പൂര്‍ണതയോടെ പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്നും വിഡി സതീശന് ചോദിച്ചു.
പുനഃസംഘടനയിലെ അതൃപ്തി അറിയിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ദില്ലിയില്‍ സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ചക്കൊരുങ്ങുകയാണ്. 11 മണിക്കാണ് കൂടികാഴ്ച്ച. ഈ സാഹചര്യത്തില്‍ കൂടിയാണ് വിഡി സതീശന്റെ പ്രതികരണം. പുനഃസംഘടന നിര്‍ത്തിവെക്കണമെന്ന് കൂടിക്കാഴ്ചയില്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടും. സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്.
ഇക്കാര്യം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെ ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അതൃപ്തി താരിഖ് അന്‍വര്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. ചില കാര്യങ്ങളില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടാവുക സ്വാഭാവികമാണ്. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കും. ശേഷം പുനഃസംഘടന നടപടികളില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു. പുനഃസംഘടനയിലെ അതൃപ്തി അറിയിക്കാന്‍ അടുത്തയാഴ്ച്ച രമേശ് ചെന്നിത്തലയും ദില്ലിയില്‍ സോണിയാ ഗാന്ധിയെ കണ്ടേക്കും.