കോട്ടയം നഗരസഭ അധ്യക്ഷ സ്ഥാനം നിലനിർത്തി യുഡിഎഫ് . ബിന്‍സി സെബാസ്റ്റ്യന്‍ നഗരസഭ അധ്യക്ഷയാവും. യുഡിഎഫ് 22, എല്‍ഡിഎഫ് 21 എന്നിങ്ങനെയാണ് വോട്ട് നില.. സിപിഐഎമ്മിന്റെ ഒരംഗം വോട്ടെടുപ്പിന് എത്താത്തതിനെ തുടർന്ന് യുഡിഎഫിനായിരുന്നു ആദ്യഘട്ടത്തില്‍ തന്നെ മൂന്‍തൂക്കം. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടി ടിഎം മനോജാണ് വോട്ടെടുപ്പിന് എത്താത്തത്. അദ്ദേഹം ആശുപത്രിയിലാണ്.
അഡ്വ. ഷീജ അനിലായിരുന്നു ബിൻസിയുടെ എതിരാളി. കഴിഞ്ഞ തവണ ടോസ് പിൻബലത്തോടെ ആയിരുന്നു ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷ സ്ഥാനത്തെത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി യുഡിഎഫാണ് നഗരസഭ ഭരിച്ചിരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ എല്‍ഡിഎഫ് കൊണ്ടുവരുന്ന പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ യുഡിഎഫിന് നഗരസഭാ ഭരണം നഷ്ടമായി.
അവിശ്വാസം പാസാവാന്‍ 5 അംഗങ്ങളുടെ പിന്തുണ എങ്കിലും എല്‍ഡിഎഫിന് അധികമായി വേണ്ടിയിരിക്കെയായിരുന്നു എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുമെന്ന് അറിയിച്ചത്. ആകെ 52അംഗങ്ങളാണ് കോട്ടയം നഗരസഭയിലുള്ളത്. സ്വതന്ത്രന് ഉള്‍പ്പടെ 22 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. സിപിഐഎം 16, സിപിഐ രണ്ട്, കേരള കോണ്‍ഗ്രസ് എം, സ്കറിയ തോമസ്, കോണ്‍ഗ്രസ് എസ്, സിപിഎം സ്വതന്ത്രന് എന്നിവര്‍ക്ക് ഒരോ അംഗങ്ങള്‍ എന്നിങ്ങനമെയാണ് അംഗബലം. 22 അംഗങ്ങളുള്ള യുഡിഎഫില്‍ കോണ്‍ഗ്രസ് 20, കെസിഎം ജോസഫ് ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

