ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനോട് എന്തോ ഒരു വൈരാഗ്യമുണ്ട് എന്നത് പരസ്യമായ രഹസ്യമാണ് . തരം കിട്ടുമ്പോഴെല്ലാം ഇന്ത്യയെ കുത്താന്‍ സോഷ്യല്‍ മീഡിയയിലൂടെ വോന്‍ ശ്രമിക്കാറുണ്ട് താനും. പലപ്പോഴും മുന്‍ ഇന്ത്യന്‍ താരങ്ങളായ വിരേന്ദര്‍ സേവാഗും വസീം ജാഫറുമാണ് അതിനെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങാറുള്ളത് .
തന്റെ ശീലം വച്ച് വോന്‍ ഇന്നലെ ഇന്ത്യയെ ഒന്നു ട്രോളി; കൈ പൊള്ളിയെന്നു മാത്രമല്ല ഇന്ത്യൻ ആരാധകർ അങ്ങേരെ എടുത്ത് കുടഞ്ഞു കളഞ്ഞു. ‘ അങ്ങനെ ഒരു ട്വീറ്റ് ചെയ്യേണ്ടിയിരുന്നില്ല എന്നു പോലും തോന്നിക്കാണും ഇംഗ്ലണ്ട് മുന്‍ നായകന്. അത്രയധികമായിരുന്നു പൊങ്കാല.
ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്നലെ ജയത്തിലേക്ക് ഒമ്പതു വിക്കറ്റ് ശേഷിക്കെ 157 റണ്‍സ് ചേയ്‌സ് ചെയ്യുന്ന ഇന്ത്യ ഫേവറൈറ്റുകളായി നില്‍ക്കുമ്പോഴായിരുന്നു മഴ ഇന്ത്യയെ രക്ഷിച്ചു എന്ന വോനിന്റെ ട്വീറ്റ്. സാധാരണ ഗതിയില്‍ ഇന്ത്യയെ ‘കുത്തി’ നോവിക്കാന്‍ ശ്രമിച്ച വോനിന് പക്ഷേ ഇന്നലെ പിഴച്ചു.
ട്വീറ്റ് കണ്ട ഇന്ത്യന്‍ ആരാധകര്‍ വോനിനെതിരേ കടന്നാക്രമണം നടത്തുകയായിരുന്നു. ”ഈ നശിച്ച മഴയുള്ള ഇംഗ്ലണ്ടില്‍ കളിക്കുന്നതിനു പകരം വല്ല ബീച്ചിലും കളിച്ചിരുന്നേല്‍പ്പോലും ഇന്ത്യ ജയിക്കുമായിരുന്നെന്നും വെറുതെയല്ല ഇംഗ്ലണ്ട് രക്ഷപെട്ട് പോകുന്നത്” -എന്നുമായിരുന്നു ചില ആരാധകർ മറുപടി നൽകി .
മഴ എപ്പോഴുമെത്തുന്ന ഇംഗ്ലണ്ടില്‍ ഒരു ദിനം പോലും പൂര്‍ത്തിയാക്കാനാകില്ല എന്ന് അറിയാവുന്നതു കൊണ്ടാണ് സ്വന്തം മണ്ണില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ഇംഗ്ലണ്ട് ധൈര്യപ്പെടുന്നതെന്നും ചിലര്‍ പരിഹസിച്ചു.
”ഇംഗ്ലീഷ് ക്രിക്കറ്റിനു ഒരു പാരമ്പര്യമുണ്ട്, മഴയുടെ പിറകില്‍ ഒളിക്കുകയെന്നതാണ്” എന്നായിരുന്നു മറ്റൊരു മറുപടി. ഇംഗ്ലണ്ടിനെ ഇവിടെ രക്ഷിച്ചത് മഴയാണ്.. നാട്ടിലെ സാഹചര്യങ്ങളില്‍ പോലും ഇംഗ്ലണ്ടിന് രക്ഷപെടാന്‍ മഴയുടെ സഹായം വേണമെന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ‘ഒരിക്കലെങ്കിലും യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കാന്‍ ശ്രമിക്കൂ’- എന്നു മറ്റൊരാള്‍ വോനിനെ ഉപദേശിച്ചു.
”അതേസമയം വോനിന് പബ്ലിസിറ്റി നല്‍കരുത് ദയവു ചെയ്ത് വോനിനെ അവഗണിക്കൂ. അനാവശ്യമായ പബ്ലിസിറ്റി അയാള്‍ക്കു നല്‍കരുത്. കാരണം ഇന്ത്യക്കാരെ പ്രകോപിപ്പിച്ച് ഇവിടെ ക്രിക്കറ്റ് കമന്റേറ്ററുടെ ജോലി നേടിയെടുക്കാനാണ് വോനിന്റെ ശ്രമം. മനപൂര്‍വ്വമാണ് അദ്ദേഹം ഇത്തരം അഭിപ്രായപ്രകടനം നടത്തുന്നത” – എന്ന കമന്റിന് ഏറെ പിന്തുണയാണ് ലഭിക്കുന്നത്.
മല്‍സരത്തില്‍ അവസാന ദിനം ജയിക്കാന്‍ വെറും 157 റണ്‍സ്് മാത്രം മതിയെന്ന ശക്തമായ പൊസിഷനില്‍ ഇന്ത്യ നില്‍ക്കെയായിരുന്നു വോനിന്റെ പരിഹാസം. 209 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഇംഗ്ലണ്ട് നല്‍കിത്. നാലാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 52 റണ്‍സെടുക്കുകയും ചെയ്തിരുന്നു.