ത്യാഗത്തിന്റെ ഓര്‍മ്മയില്‍ സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാള്‍. പൊതു ഈദ് ഗാഹുകള്‍ ഉണ്ടാകില്ലെങ്കിലും പള്ളികളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രാര്‍ത്ഥനകള്‍ നടക്കും.
പ്രവാചകന്‍ ഇബ്രാഹിം നബിയുടേയും മകന്‍ ഇസ്മയിലിന്റേയും ത്യാഗത്തിന്റെ ഓര്‍മ പുതുക്കുകയാണ് ഇന്ന് ഓരോ ഇസ്ലാംമത വിശ്വാസികളും. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച മകന്‍ ഇസ്മയിലിനെ ദൈവ കല്‍പ്പന പ്രകാരം ബലി കൊടുക്കാന്‍ ഇബ്രാഹിം നബി തീരുമാനിക്കുന്നു. എന്നാല്‍ നബിയുടെ ത്യാഗ സന്നദ്ധതയില്‍ തൃപ്തനായ ദൈവം മകനു പകരം ആടിനെ ബലി നല്‍കാന്‍ നിര്‍ദേശിച്ചു. ഈ ത്യാഗ സ്മരണയിലാണ് പെരുന്നാള്‍ ദിനത്തില്‍ ബലികര്‍മം നടത്തുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പള്ളികളില്‍ പ്രാര്‍ത്ഥന നടക്കുക. പരമാവധി 40 പേര്‍ക്ക് പങ്കെടുക്കാം. ആഘോഷങ്ങള്‍ അതിരുവിടരുതെന്ന നിര്‍ദേശമാണ് വിശ്വാസികള്‍ക്ക് മത പണ്ഡിതന്‍മാര്‍ നല്‍കുന്നത് കോവിഡിന്റെ ഈ കാലത്ത് പരമാവധി കൂടിച്ചേരലുകള്‍ ഇല്ലാതെയായിരിക്കും വീടുകളിലെ ആഘോഷം. കോവിഡിനെ അതിജീവിക്കാന്‍ കരുത്തു പകരണമെന്ന പ്രാര്‍ത്ഥനയാകും ഇത്തവണ പെരുന്നാള്‍ ദിനത്തില്‍ മുഴങ്ങുക.