ആരോഗ്യ സര്‍വകലാശാലാ പരീക്ഷകള്‍ ജൂണ്‍ 21ന് ആരംഭിക്കും. പരീക്ഷകളുടെ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതുന്ന എല്ലാ വിദ്യാര്‍ഥികളും ആന്റിജന്‍ പരിശോധന നടത്തണം. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുന്നവരെ മറ്റൊരു ഹാളില്‍ ഇരുത്തും. പരീക്ഷാഹാളില്‍ രണ്ടുമീറ്റര്‍ അകലത്തില്‍ വിദ്യാര്‍ഥികളെ ഇരുത്തണം.
പരീക്ഷാ ക്രമീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജൂലായ് ഒന്നിന് അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ ആരംഭിക്കും. അത് വിലയിരുത്തി ക്രമേണ മറ്റു ക്ലാസുകളും ആരംഭിക്കും. തിയറി ക്ലാസുകള്‍ കോളേജ് തുറന്നാലും ഓണ്‍ലൈനായിത്തന്നെ നടത്തും. പ്രാക്ടിക്കല്‍ ക്ലാസുകളും ക്ലിനിക്കല്‍ ക്ലാസുകളുമാണ് ജൂലായ് ആദ്യം തുടങ്ങുക.
പരീക്ഷയ്ക്കായി ഹോസ്റ്റലില്‍ വരേണ്ട വിദ്യാര്‍ഥികള്‍ കഴിവതും നേരത്തേ കോവിഡ് പരിശോധന നടത്തി എത്തണം. ഹോസ്റ്റലിലുള്ളവരും വീട്ടില്‍നിന്നു വരുന്നവരും തമ്മില്‍ ഇടപഴകാന്‍ അനുവദിക്കില്ല. പോസിറ്റീവായ വിദ്യാര്‍ഥികളെ തിയറി പേപ്പര്‍ എഴുതാന്‍ അനുവദിക്കുമെങ്കിലും പ്രാക്ടിക്കലില്‍ പങ്കെടുക്കാന്‍ ഉടന്‍ അനുവാദമുണ്ടാകില്ല. പോസിറ്റീവായവര്‍ 17 ദിവസം കഴിഞ്ഞ് പ്രിന്‍സിപ്പല്‍മാരെ വിവരമറിയിക്കണം. ഇവര്‍ക്ക് പ്രത്യേകം പ്രാക്ടിക്കല്‍ പരീക്ഷ നടത്തും.
പരീക്ഷ നടത്തേണ്ട സ്ഥാപനങ്ങള്‍ കണ്‍ടെയ്ന്‍മെന്റ് സോണിലാണെങ്കില്‍ അടിയന്തരമായി സര്‍വകലാശാലയെ അറിയിക്കണം. അവര്‍ക്ക് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കും. കണ്‍ടെയ്ന്‍മെന്റ് സോണിലുള്ള വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പോകാം. പൊതുഗതാഗതത്തിന് ബുദ്ധിമുട്ടെങ്കില്‍ അത്യാവശ്യമുള്ള വാഹനസൗകര്യങ്ങള്‍ കോളേജ് തന്നെ ഒരുക്കണം.
ആരോഗ്യ സര്‍വകലാശാലാ വി.സി. ഡോ. മോഹനന്‍ കുന്നുമ്മല്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലാബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, പ്രോ. വി.സി. ഡോ. സി.പി. വിജയന്‍, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. അനില്‍ കുമാര്‍, രജിസ്ട്രാര്‍ ഡോ. മനോജ് കുമാര്‍, ഡീന്‍ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ. ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു.