ബി.ജെ.പി നേതാവും പാലക്കാട് സ്ഥാനാര്‍ത്ഥിയുമായ ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് വിദഗ്ധനും ബി.ജെ.പി ആയാല്‍ ബി.ജെ.പി സ്വഭാവം കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എൻജിനീയറിങ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാല്‍ ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ ഭാഗമായി ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
എല്‍.ഡി.എഫിന് ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവുമില്ല. ശബരിമല വിഷയത്തില്‍ വിധിവരട്ടെയെന്നും എന്നിട്ടാകാം ചര്‍ച്ചയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമല വിഷയം എടുത്തിട്ട് ആളുകളെ സ്വാധീനിച്ച് വോട്ടുനേടാമെന്നാണ് മറ്റുള്ളവര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ കോലീബി സഖ്യം ഇത്തവണയുമുണ്ടാകാം. ജനങ്ങള്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കോലീബി സഖ്യത്തിന്റെ ഇടപെടലിലൂടെയാണ് ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത്. ഒ രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചു.