ദില്ലി: കര്‍ഷകസമരം അവസാനിപ്പിക്കാന്‍ പുതിയ നിര്‍ദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. നിലവിലെ സാഹചര്യത്തില്‍ കാര്‍ഷികനിയമങ്ങള്‍ രണ്ടു വര്‍ഷത്തേക്ക് മരവിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം. സമരത്തിനു ശേഷം പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നു എന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.
രാജ്യവ്യാപക മഹാപാഞ്ചായത്തുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സമരം സംയുക്ത കിസാന്‍ മോര്‍ച്ച കൂടുതല്‍ ശക്തമാക്കി. ചര്‍ച്ച സംബന്ധിച്ച് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് ഏതെങ്കിലും നീക്കുപോക്കുണ്ടെങ്കില്‍ മാത്രം ചര്‍ച്ചക്ക് തയ്യാറായാല്‍ മതിയെന്നാണ് സംഘടനകളുടെ തീരുമാനം.
കേരളമടക്കം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകള്‍ നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കുന്ന കിസാന്‍ മഹാപഞ്ചായത്തുകള്‍ യുപിയില്‍ തുടരുകയാണ്. ദില്ലി മുഖമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ക്ഷണം ലഭിച്ചിട്ടില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. അതേസമയം ചെങ്കോട്ട സംഘര്‍ഷവുമായി ബന്ധപ്പെട്ട് അക്രമണത്തില്‍ പങ്കെടുത്തെന്ന് ആരോപിക്കുന്ന ഇരുപത് പേരുടെ ചിത്രങ്ങള്‍ ദില്ലി പൊലീസ് പുറത്തു വിട്ടു.