ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റുകള്‍ക്കായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അറിയിച്ചു.
മേളയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം വിഖ്യാത ഫ്രഞ്ച് ചലച്ചിത്രകാരന്‍ ഷീന്‍ ലുക് ഗോദാര്‍ദിന് നല്‍കി ആദരിക്കും. കൊവിഡിനെ തുടര്‍ന്നുള്ള ഗോദാര്‍ദിന്റെ അസാന്നിധ്യത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനായിരിക്കും പുരസ്‌കാരം ഏറ്റുവാങ്ങുക. ലോകസിനിമയുടെ ഗതിമാറ്റത്തിനു വഴിതെളിച്ച ഫ്രഞ്ച് നവതരംഗത്തിന്റെ മുഖ്യ പ്രയോക്തവാണ് ഷീന്‍ ലുക് ഗോദാര്‍ദ്. പത്തുലക്ഷം രൂപയാണ് സമ്മാനത്തുക.
കൊവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശേരി, പാലക്കാട് എന്നിവിടങ്ങളിലായിട്ടാണ് അടുത്തമാസം പത്തുമുതല്‍ ചലച്ചിത്ര മേള നടക്കുന്നത്. ശനിയാഴ്ച രാവിലെ പത്തിന് ഡെലിഗേറ്റുകള്‍ക്കായുള്ള രജിസ്ട്രേഷന്‍ ആരംഭിക്കും. മേളയുടെ ഭാഗമായി പൊതുപരിപാടികളോ ആള്‍ക്കൂട്ടം ഉണ്ടാകുന്ന കലാപരിപാടികളോ ഉണ്ടായിരിക്കുന്നതല്ല.
ഡെലിഗേറ്റ് പാസ് വാങ്ങുന്നതിനു മുന്‍പ് സൗജന്യമായി ആന്റിജന്‍ പരിശോധന നടത്തുന്നതിനുള്ള സജ്ജീകരണം അക്കാദമി ഒരുക്കും. തിയേറ്ററുകളിലേക്കുള്ള പ്രവേശനം പൂര്‍ണമായും റിസര്‍വേഷന്‍ അടിസ്ഥാനത്തിലായിരിക്കും. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാട്ടും ആയിരിക്കുമെന്നും കമല്‍ അറിയിച്ചു.

