സംഘര്‍ഷഭരിതമായി കര്‍ഷകരുടെ ട്രാക്ടര്‍ റാലി. കര്‍ഷകര്‍ക്കു നേരെ പൊലീസ് പ്രകോപനം സൃഷ്ടിച്ചു. ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ എത്തിയ കര്‍ഷകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കര്‍ഷകരെ അടിച്ചോടിച്ച പൊലീസ് കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. ട്രാക്ടറുകളുടെ കാറ്റ് അഴിച്ചുവിടുകയും ഇന്ധനടാങ്ക് തുറന്നുവിടുകയും ചെയ്തു. ഏറ്റുമുട്ടലില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. പൊലീസ് വെടിവെച്ചതിനെ തുടര്‍ന്നാണ് കര്‍ഷകന്റെ ജീവന്‍ പൊലിഞ്ഞതെന്നാരോപിച്ച് കര്‍ഷകര്‍ ശവശരീരവുമായി കുത്തിയിരിപ്പ് സമരം നടത്തി. എന്നാല്‍ ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് ഭാഷ്യം.
#WATCH A protestor hoists a flag from the ramparts of the Red Fort in Delhi#FarmLaws #RepublicDay pic.twitter.com/Mn6oeGLrxJ
— ANI (@ANI) January 26, 2021
അതേസമയം കര്‍ഷകര്‍ ചെങ്കോട്ടയില്‍ എത്തുകയും കര്‍ഷക പതാക ചെങ്കോട്ടയില്‍ ഉയര്‍ത്തുകയും ചെയ്തു.
നേരത്തെ, സിംഗുവില്‍ നിന്ന് തുടങ്ങിയ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം ഉണ്ടായി. പൊലീസ് കര്‍ഷകര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ട്രാക്ടര്‍ റാലി റിപ്പബ്ലിക് ദിന പരേഡിന് ശേഷം ആരംഭിക്കണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ എട്ടുമണിയോടെ റാലി ആരംഭിക്കാന്‍ പൊലീസ് അനുവാദം നല്‍കിയെന്ന് കര്‍ഷക നേതാക്കള്‍ പറഞ്ഞു. ഇത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പൊലീസ് ബാരിക്കേഡ് മറികടന്നാണ് സിംഗുവില്‍ നിന്ന് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ തിക്രിയിലും കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്ക് പ്രവേശിച്ചു. കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസ് ശ്രമം പരാജയപ്പെട്ടു.
ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്.