കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യവുമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്ഭവനുകളുടെ മുമ്പിൽ പ്രതിഷേധം.കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡൽഹി ഗവർണർ അനിൽ ബൈജാലിന്റെ ഔദ്യോഗിക വസതിക്ക് മുമ്പിൽ പ്രതിഷേധവുമായെത്തിയത്. ‘കർഷകർക്ക് വേണ്ടി ശബദമുയർത്തൂ’ എന്ന കോൺഗ്രസിന്റെ കാമ്പയിന്റെ ഭാഗമായാണ് പ്രതിഷേധം.വെള്ളിയാഴ്ച കർഷക അവകാശ ദിനമായി ആചരിക്കും. കൂടാതെ എല്ലാ സംസ്ഥാനങ്ങളുടെയും രാജ്ഭവന് മുമ്പിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചിരുന്നു.
‘ബി.ജെ.പി സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിക്കണം. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ കോൺഗ്രസ് ഒന്നിനോടും അനുകമ്പ കാണിക്കില്ല. ഈ നിയമങ്ങൾ കർഷകരെ സഹായിക്കാനുള്ളതല്ല, പക്ഷേ അവരെ ഇല്ലാതാക്കാൻ സാധിക്കും’ -രാഹുൽ ഗാന്ധി പറഞ്ഞു. നരേന്ദ്രമോദി സർക്കാർ ആദ്യം കർഷകരുടെ ഭൂമി ഏറ്റെടുക്കാൻ നോക്കി. എന്നാൽ കോൺഗ്രസ് അതിനെ തടഞ്ഞു. ഇപ്പോൾ മൂന്ന് കാർഷിക നിയമങ്ങളിലൂടെ ബി.ജെ.പിയും അവരുടെ രണ്ടുമൂന്നു സുഹൃത്തുക്കളും ചേർന്ന് കർഷകരെ ആക്രമിക്കാൻ ഒരുങ്ങുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ കർഷകർ 50 ദിവസത്തിലധികമായി രാജ്യതലസ്ഥാനത്ത് പ്രക്ഷോഭം തുടരുന്നതിനിടെയാണ് കോൺഗ്രസിന്റെ ഐക്യദാർഢ്യം.