ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനല്‍ മാഫിയ സംഘങ്ങളെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ സുധാകരന്‍. വൈറ്റില മേല്‍പ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നില്‍. കൊച്ചിയുടെ അതോറിറ്റി ജനപ്രതിനിധികളാണെന്നും നാല് പേര്‍ അര്‍ധരാത്രിയില്‍ തീരുമാനമെടുത്ത് കോമാളിത്തരം കാണിക്കരുതെന്നും കെ സുധാകരന്‍. ധൃതിപിടിക്കേണ്ട കാര്യമില്ലെന്നും മന്ത്രി. പാലത്തില്‍ ലോറി കയറിയാല്‍ മെട്രോയില്‍ തട്ടുമെന്ന് പറയുന്നവര്‍ കൊഞ്ഞാണന്മാരാണെന്നും സുധാകരന്‍ പരിഹസിച്ചു.
അതേസമയം വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. രാവിലെ 9.30തോട് കൂടിയായിരുന്നു ഉദ്ഘാടനം. വൈറ്റില പാലത്തിന്റെ ഉദ്ഘാടനം വിവാദമാക്കിയ വി-ഫോര്‍ കൊച്ചി സംഘടനയെ മുഖ്യമന്ത്രിയും വിമര്‍ശിച്ചു. കുത്തിത്തിരിപ്പുണ്ടാക്കി ജനശ്രദ്ധ നേടാന്‍ ശ്രമമുണ്ടാക്കിയെന്ന് കുറ്റപ്പെടുത്തല്‍. നാടിന്റെ പ്രതിസന്ധി ഘട്ടങ്ങളിലൊന്നും ഇക്കൂട്ടരെ കാണാന്‍ സാധിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സ്വപ്ന പദ്ധതികള്‍ ഓരോന്നായി യാഥാര്‍ത്ഥ്യമാകുന്നതില്‍ അഭിമാനമെന്ന് അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. പ്രതിസന്ധികളുടെ ഇടയില്‍ കുത്തിത്തിരുപ്പ് ഉണ്ടാകുന്നവരെ ജനം തിരിച്ചറിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.