തമിഴില്‍ ഒടിടി പ്ലാറ്റ്‌ഫോം വഴി പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ പാവ കഥൈകളില്‍ മികച്ച പ്രകടനവുമായി കാളിദാസ് ജയറാം. സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തില്‍ ട്രാന്‍സ് കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിച്ചത്. ചിത്രത്തിലെ കാളിദാസിന്റെ സത്താര്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയില്‍ കാളിദാസിന്റെ അഭിനയത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
വൈകാരിക രംഗങ്ങളിലെ കാളിദാസിന്റെ പ്രകടനം മികച്ചതാണെന്ന് സിനിമ കണ്ടവരില്‍ ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു. ഇനിയും തമിഴ് സിനിമകളില്‍ കാളിദാസിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും തമിഴ് സിനിമാ പ്രേക്ഷകരും പറയുന്നു. ഒരിടവേളയ്ക്ക് ശേഷം കാളിദാസിന്റെ മികച്ച പ്രകടനമായാണ് ചിത്രത്തിലെ അഭിനയത്തെ വിലയിരുത്തുന്നത്.
സുധ കൊങ്കരയ്ക്ക് പുറമെ, വെട്രി മാരന്‍, ഗൗതം വസുദേവ് മേനോന്‍, വിഗ്‌നേഷ് ശിവന്‍ എന്നിവര്‍ ചേര്‍ന്നാണ് പാവ കഥൈകള്‍ ഒരുക്കിയത്. നെറ്റ്ഫ്‌ളിക്‌സിന്റെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷനാണ് ചിത്രം. പ്രകാശ് രാജ്, ഗൗതം മേനോന്‍, സിമ്രാന്‍, അഞ്ജലി, കല്‍കി കേറ്റ്‌ലിന്‍, സായ് പല്ലവി എന്നിവരും മറ്റു ചിത്രങ്ങളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പുത്തം പുതുകാലൈയ്ക്ക് ശേഷം ഒടിടി റിലീസായെത്തുന്ന ആന്തോളജി ചിത്രം കുടിയാണ് പാവ കഥൈകള്‍.