ചെത്തുകടവിലെ മള്ളത്തൊടികയില്‍ ലീല എന്ന വീട്ടമ്മയ്ക്കാണ് ദിവസവും താന്‍ കറന്നെടുക്കുന്ന 12ല്‍ അധികം ലിറ്റര്‍ പാല്‍ ഒഴുക്കി കളയേണ്ടി വരുന്നത്. മകനടക്കം വീട്ടിലെ മറ്റംഗങ്ങള്‍ കോവിഡ് പോസിറ്റീവ് ആയതാണ് കാരണം. ഇരുപതില്‍ അധികം ലിറ്റര്‍ പാല്‍ ലീല ദിവസവും കറന്നെടുക്കാറുണ്ട്. ആവശ്യക്കാര്‍ക്ക് കൊടുത്തശേഷം ബാക്കി വരുന്ന പാല്‍ ക്ഷീരോത്പാദക സംഘത്തിലേക്ക് കൊടുക്കാറായിരുന്നു പതിവ്. എന്നാല്‍ വീട്ടംഗങ്ങള്‍ കോവിഡ് ബാധിതരായതിനേ തുടര്‍ന്ന് ആളുകള്‍ പാലുവാങ്ങാതായത് തിരിച്ചടിയായി. അങ്ങനെയാണ് പാല്‍ ഒഴുക്കിക്കളയേണ്ടി വന്നത്. എന്നാല്‍ ലീലയുടെ കൊവിഡ് ഫലം നെഗറ്റീവും ആണ്.
തന്റെ പ്രധാന വരുമാന ശ്രോതസ്സായ പാല്‍ വില്‍പ്പന നിലച്ചതോടെ ലീല ഏറെ കഷ്ടതയിലായിരുന്നു.
ഇതേതുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത്ത് തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരും ഡയറി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റും വാര്‍ഡ് മെമ്പറായിരുന്ന സംജിത്തും ക്ഷീരോത്പാദക സംഘവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പാല്‍ സ്വീകരിക്കാമെന്ന് ക്ഷീരോത്പാദക സംഘം അറിയിക്കുകയായിരുന്നു. നാളെ മുതല്‍ പാല്‍ സ്വീകരിച്ചുതുടങ്ങും.