കൊറോണ വൈറസ് മത്സ്യത്തില്‍ നിന്നും പകരുമെന്ന ഭീതി അകറ്റുന്നതിനായി പച്ചമീന്‍ കഴിച്ച് കാട്ടി ശ്രീലങ്കന്‍ മുന്‍മന്ത്രി. ശ്രീലങ്കന്‍ മുന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ദിലീപ് വെഡ്ഢറച്ചിയാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നത്. മുന്‍മന്ത്രി മീന്‍ പച്ചയ്ക്ക് കടിച്ചു ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്.
പ്രതിപക്ഷ നേതാവിന്റെ ഓഫീസില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തിനിടയിലാണ് ദിലീപിന്റെ ഇത്തരമൊരു നടപടി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മത്സ്യവിപണിയില്‍ വന്‍ ഇടിവ് വന്നിരുന്നു. ഇത് മത്സ്യത്തൊഴിലാളികളെ കാര്യമായി തന്നെ ബാധിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് കോവിഡ് വ്യാപനം പ്രതികൂലമായി ബാധിച്ച മത്സ്യത്തൊഴിലാളികളുടെ ദുരവസ്ഥയെക്കുറിച്ച് സമൂഹത്തെ അറിയിക്കാന്‍ അദ്ദേഹം ഇത്തരം ഒരു ഉദ്യമം ഏറ്റെടുത്തത്.
വാര്‍ത്താസമ്മേളനത്തിനിടെ ദിലീപ് മീന്‍ പച്ചയ്ക്കു കഴിക്കുന്ന ചിത്രം ദസൂനി അത്തൗദ എന്നൊരു മാധ്യമപ്രവര്‍ത്തകനാണ് ആദ്യം പങ്കുവച്ചത്. വൈകാതെ തന്നെ ഈ ചിത്രവും വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയും വൈറലാവുകയായിരുന്നു. മത്സ്യം കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നും തെളിയിക്കുന്നതിനായി സാഹസം കാട്ടിയ മുന്‍മന്ത്രി, ഇത്തരം നിര്‍ദേശങ്ങള്‍ സര്‍ക്കാരും ആരോഗ്യവകുപ്പുമാണ് ജനങ്ങള്‍ക്ക് നല്‍കേണ്ടതെന്നും വ്യക്തമാക്കിയിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശ്രീലങ്കയിലെ പ്രധാന മത്സ്യമാര്‍ക്കറ്റ് അടച്ചിരുന്നു. മത്സ്യവ്യാപാരികളില്‍ നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ഇത്.