
കോവിഡ് സെന്ററില്‍ റിമാന്‍ഡ് പ്രതിയെ മര്‍ദ്ദിച്ച കൊന്ന ആറ് ജയില്‍ ഉദ്യോഗസ്ഥരെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. സമീപകാലത്ത് കേരളത്തില്‍ നടന്ന കസ്റ്റഡി കൊലപാതകങ്ങളിലൊന്നും കേട്ടുകേള്‍വിയില്ലാത്ത നിയമ നടപടി. ഏറ്റവും ഒടുവില്‍ സംസ്ഥാനത്താകെ ചര്‍ച്ചയായ നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡി കൊലപാതകത്തില്‍ പോലും അന്വേഷണം ഇപ്പോഴും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഒരു മാസത്തിനകം അമ്പളിക്കല കോവിഡ് സെന്ററില്‍ വച്ച് റിമാന്‍ഡ് പ്രതി ഷെമീറിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന കേസിലെ പ്രതികളെയെല്ലാം കൊലക്കുറ്റമടക്കമുള്ള ഗൗരവമേറിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. അതും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരെയടക്കം. തൃശൂര്‍ ജില്ല ജയില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട്, ജയില്‍ ഡപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍, അസി. പ്രിസണ്‍ ഓഫീസര്‍ എന്നീ റാങ്കിലുള്ള ആറ് ജയില്‍ വകുപ്പ് ജീവനക്കാരാണ് അറസ്റ്റിലായത്. കരുതിക്കൂട്ടിയുള്ള കൊലപാതകം, ആസൂത്രിതമായ മര്‍ദ്ദനം, സംഘം ചേര്‍ന്നുള്ള മര്‍ദ്ദനം തുടങ്ങിയ കുറ്റങ്ങളില്‍ 302, 304, 323, 32, 325, 326 വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികളെയെല്ലാം ജയില്‍ ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.

